ന്യൂഡല്‍ഹി: ഊര്‍ജ്ജ വിതരണ ശൃംഖല കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നുള്ള ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് ഇറക്കുമതി വിപുലീകരിക്കാന്‍ ഒരുങ്ങി ഇന്ത്യ. പാചകവാതകത്തിനായി ഗള്‍ഫ് രാജ്യങ്ങളെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ സ്ഥിരമായ വിതരണം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും കപ്പല്‍ ഗതാഗതത്തിലെ തടസ്സങ്ങളും കണക്കിലെടുത്ത് ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനാണ് ഈ നയപരമായ മാറ്റത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആഭ്യന്തര വിപണിയിലെ അപ്രതീക്ഷിത പ്രതിസന്ധികള്‍ നേരിടാന്‍ മുപ്പത് ദിവസത്തെ തന്ത്രപരമായ ഇന്ധന ശേഖരം നിര്‍മ്മിക്കാനും സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയ്ക്ക് പുറമെ നൈജീരിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളെയും പുതിയ സ്രോതസ്സുകളായി ഇന്ത്യ പരിഗണിക്കുന്നുണ്ട്. ദൂരക്കൂടുതല്‍ കാരണം ഗതാഗതച്ചെലവ് വര്‍ധിക്കുമെങ്കിലും, വിതരണ ശൃംഖലയുടെ സ്ഥിരതയ്ക്കും തടസ്സമില്ലാത്ത ഇന്ധന ലഭ്യതയ്ക്കും ഈ തീരുമാനം നിര്‍ണായകമാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിതരണം തടസ്സപ്പെട്ടപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള വിതരണം ഇന്ത്യക്ക് വലിയ സഹായമായിരുന്നു. ഇന്ത്യയുടെ എണ്ണ വിപണന മേഖലയിലെ ലാഭവിഹിതത്തിലും വിപണി വിലയിലും ഈ മാറ്റങ്ങള്‍ വരുത്തുന്ന സ്വാധീനത്തെക്കുറിച്ച് നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2025 നവംബറില്‍ അമേരിക്കയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം നിലവില്‍ പ്രതിവര്‍ഷം 22ലക്ഷം ടണ്‍ എല്‍പിജി ആണ് ഇന്ത്യ അവരില്‍നിന്ന് വാങ്ങുന്നത്. ഇത് ഏകദേശം ഇരട്ടിയായി വര്‍ധിപ്പിക്കുന്ന കാര്യം പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ പരിഗണിക്കുന്നതായി ഈ വിഷയവുമായി ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു.
2025ല്‍ ഇന്ത്യയുടെ ആകെ എല്‍പിജി ഇറക്കുമതിയില്‍ 8 ശതമാനത്തില്‍ താഴെ മാത്രമായിരുന്ന അമേരിക്കയുടെ പങ്ക് 2026 ജൂണില്‍ 65 ശതമാനത്തോളം ഉയര്‍ന്നു.അമേരിക്കയെ കൂടാതെ മറ്റ് രാജ്യങ്ങളില്‍ നിന്നും എല്‍പിജി ലഭ്യമാക്കാനുള്ള സാധ്യതകള്‍ രാജ്യം പരിശോധിക്കുന്നുണ്ട്. വിതരണക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് വഴി ഒരൊറ്റ മേഖലയെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കാനും സംഘര്‍ഷങ്ങള്‍ മൂലമുണ്ടാകുന്ന പ്രതിസന്ധിസാധ്യതകള് കുറയ്ക്കാനും സാധിക്കുമെന്ന് അധികൃതര്‍ നിരീക്ഷിക്കുന്നു.