യുദ്ധം വീണ്ടും: ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേല്‍, ശക്തമായ വ്യോമാക്രമണം

ടെഹ്റാന്‍: വീണ്ടുമൊരു യുദ്ധത്തിന്‍റെ കാഹളവുമായി ഇറാനില്‍ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായാണ് മൂന്നിടങ്ങളില്‍ ഇസ്രയേല്‍ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്. പടിഞ്ഞാറന്‍, മധ്യ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഇസ്രയേലിന്‍റെ വ്യോമാക്രമണം. പശ്ചിമേഷ്യയില്‍ സംഘര്‍ഷം ഇതോടെ അതീവ ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാന്‍, തബ്രിസ്, ഇസ്ഫഹാന്‍ എന്നീ നഗരങ്ങളില്‍ ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ഇറാന്‍ 'ഭീകര ഭരണകൂടത്തിന്‍റെ' സൈനിക ലക്ഷ്യങ്ങളെയാണ് ആക്രമിച്ചതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് അറിയിച്ചു. ഇതിനുപുറമെ, തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ടെഹ്റാനിലെ പ്രധാന വിമാനത്താവളമായ ഇമാം ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള വ്യോമപാത ഇറാന്‍ അടച്ചു. എയര്‍ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ അറിയിച്ചു. ഇറാനുമായി ഒരു കരാറിലെത്തുന്നതിന്‍റെ അടുത്താണെന്നും അതിനാല്‍ ഇസ്രയേലില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രത്യാക്രമണം ഉണ്ടാകില്ലെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് ഇസ്രയേല്‍ സൈന്യത്തിന്‍റെ ആക്രമണം. തീരുമാനങ്ങള്‍ എടുക്കുന്നത് താനാണെന്നും ഇസ്രയേല്‍ തന്‍റെ വാക്കുകള്‍ കേള്‍ക്കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം, ഇറാന്‍റെ മിസൈല്‍ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടിട്ടില്ല. മേഖലയില്‍ പൂര്‍ണ്ണ തോതിലുള്ള യുദ്ധം പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷം നൂറുദിനം പിന്നിട്ടിരിക്കവേയാണ് പുതിയ സംഭവവികാസങ്ങള്‍. വ്യോമാക്രമണങ്ങള്‍ തുടര്‍ന്നാല്‍ യുദ്ധം വീണ്ടും രൂക്ഷമാകുന്നതിലേക്ക് നയിക്കും. നിലവില്‍ യുദ്ധത്തിന്‍റെ കെടുതികളില്‍ വലയുന്ന ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് സൂചന. ഇന്ധനവില വര്‍ദ്ധനവും പാചകവാതക വില വര്‍ദ്ധനവും മൂലം ലോകരാജ്യങ്ങള്‍ ബുദ്ധിമുട്ടുമ്പോഴാണ് വീണ്ടും യുദ്ധം രൂക്ഷമാകുന്നത്. മേഖലയില്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇറാന്‍, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമപാതകള്‍ അടച്ചു. ഇസ്രായേലിന് നേരെ മിസൈല്‍ വര്‍ഷം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്‍ തങ്ങളുടെ രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ ഭാഗത്തിന് മുകളിലുള്ള വ്യോമപാത അടച്ചത്.