27 വര്‍ഷത്തെ കരിയറിന് അവസാനം; സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു

കാലിഫോര്‍ണിയ: മൂന്ന് ബഹിരാകാശ ദൗത്യങ്ങളും ബഹിരാകാശത്തെ 608 ദിവസങ്ങളും ചേര്‍ന്ന 27 വര്‍ഷത്തെ സ്വപ്നതുല്യമായ കരിയറിനൊടുവില്‍ നാസയില്‍ നിന്നും സുനിത വില്യംസ് വിരമിച്ചു. ഇന്നലെയാണ് സുനിത വിരമിച്ച വിവരം നാസ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബഹിരാകാശ ദൗത്യങ്ങളിലെ മുന്നണിപ്പോരാളിയും അഗ്രഗണ്യയുമായിരുന്നു സുനിതയെന്നും പരീക്ഷണ നിരീക്ഷണങ്ങള്‍ക്കായി സുനിത ചെലവഴിച്ച ഊര്‍ജവും ചുറുചുറുക്കും താല്‍പര്യവും മാനവരാശിക്ക് നിര്‍ണായകമായ സംഭാവനകളിലേക്ക് നയിച്ചുവെന്നും ഭാവി പര്യവേഷണങ്ങളെ ചിട്ടപ്പെടുത്തുന്നതില്‍ സുനിത വലിയ പങ്കാണ് വഹിച്ചതെന്നും നാസ അഡ്മിനിസ്ട്രേറ്റര്‍ ജറെഡ് ഐസക്മന്‍ പറഞ്ഞു. ശാസ്ത്ര സാങ്കേതിക രംഗത്തെ സുനിതയുടെ പ്രവര്‍ത്തനങ്ങളാണ് ഏറ്റവും പുതിയ ചാന്ദ്രദൗത്യമായ അര്‍ത്തമിസിന് അടിസ്ഥാനമിട്ടതെന്നും തലമുറകള്‍ക്ക് സുനിതയുടെ നേട്ടങ്ങള്‍ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസാധ്യമെന്നത് സുനിതയുടെ ഡിക്ഷനറിയില്‍ ഉണ്ടായിരുന്നില്ലെന്നും അതിര്‍ത്തികള്‍ ഭേദിച്ച് കുതിപ്പ് തുടരാന്‍ ആ ഊര്‍ജം നാസയ്ക്കും ശാസ്ത്രലോകത്തിനും കരുത്താകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വംശജയായ സുനിത 1998ലാണ് നാസയില്‍ ചേരുന്നത്. ബുഷ് വില്‍മോറിനൊപ്പം ഏറ്റവും ഒടുവിലായി നടത്തിയ ബഹിരാകാശ വാസം 10 ദിവസത്തേക്കാണ് നിശ്ചയിച്ചിരുന്നതെങ്കിലും 286 ദിവസം നീണ്ടു. ബഹിരാകാശ പേടകത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതോടെയാണ് മടക്കയാത്ര നീണ്ടത്. ഒമ്പത് തവണയാണ് ബഹിരാകാശത്ത് സുനിത നടന്നത്. ആകെ 62 മണിക്കൂര്‍ ആറ് മിനിറ്റ്. റെക്കോര്‍ഡ് നേട്ടമാണിത്. നാസയുടെ ബഹിരാകാശ നടത്തക്കാരുടെ പട്ടികയില്‍ നാലാമതും ബഹിരാകാശ യാത്രികമാരുടെ പട്ടികയില്‍ സുനിത ഒന്നാമതുമാണ്. ബഹിരാകാശത്ത് മാരത്തണ് ഓട്ടവും സുനിതയുടെ പേരില്‍ തന്നെ. 2006 ഡിസംബര്‍ 9 ന് ഡിസ്കവറിയിലേറിയാണ് സുനിത ആദ്യമായി ബഹിരാകാശത്തെത്തിയത്. 2012 ജൂലൈ 14നായിരുന്നു രണ്ടാം ദൗത്യം. ഈ ദൗത്യത്തില്‍ സ്റ്റേഷന്‍ റേഡിയേറ്ററിലെ അമോണിയ ചോര്‍ച്ച പരിഹരിച്ചതുള്‍പ്പടെ മൂന്ന് ബഹിരാകാശ നടത്തവും സുനിത നടത്തി. 2024 ജൂണിലെ മൂന്നാം ദൗത്യം മാര്‍ച്ച് 2025ലാണ് അവസാനിച്ചത്.