പാക്കിസ്ഥാനെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി ഇന്ത്യ. പാക്കിസ്ഥാന്‍ കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കുമുള്ള അനുമതി നിഷേധിച്ചേക്കും. പാക്കിസ്ഥാനിലെ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ കടക്കുന്നത് വിലക്കും. ഇതോടൊപ്പം പാക് കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖത്തെത്തുന്നതും തടയുന്നതിനുള്ള തീരുമാനവും എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിമാനങ്ങള്‍ വ്യോമാതിര്‍ത്തി കടക്കുന്നത് പാകിസ്ഥാന്‍ നേരത്തേ നിരോധിച്ചിരുന്നു. അതിനിടെ, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ഉടന്‍ സൈനികാക്രമണം ഉണ്ടാകുമെന്നാണ് ഖ്വാജ മുഹമ്മദ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 'ഇന്ത്യയില്‍ നിന്നുണ്ടാകാന്‍ സാദ്ധ്യതയുള്ള ആക്രമണത്തെക്കുറിച്ച് പാകിസ്ഥാന്‍ സൈന്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ സൈന്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്വീകരിക്കേണ്ട നയപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ഞങ്ങളുടെ നിലനില്‍പ്പിന് ഭീഷണി നേരിടുകയാണെങ്കില്‍ മാത്രം ആണവായുധ ശേഖരം ഉപയോഗിക്കും', ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു.

26പേരാണ് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭീകരരില്‍ രണ്ടുപേര്‍ പാകിസ്ഥാനികളാണെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. കാശ്മീരികളായ ഭീകരവാദികളുടെ വീട് തകര്‍ക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നടന്നുവരികയാണ്. അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ എന്‍ഐഎ അന്വേഷണം തുടരുകയാണ്. ആക്രമണ സമയത്ത് മരത്തിന് മുകളില്‍ കയറി ഒളിച്ച പ്രദേശവാസിയായ പ്രധാന ദൃക്സാക്ഷിയുടെ മൊഴി എന്‍ഐഎയ്ക്ക് ലഭിച്ചു. ഭീകരര്‍ തിരിച്ച് പോകുന്നതടക്കം കണ്ട ഇയാള്‍ പോലീസിന് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്‍ഐഎയും ഇയാളെ ബൈസരണ്‍വാലിയില്‍ എത്തിച്ച് തെളിവെടുത്തു.

പഹല്‍ഗാം ആക്രമണം നടത്തിയ ഭീകരര്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടന്നവരാണെന്നാണ് വിവരം. മുള്ളുവേലി മുറിച്ച് മാറ്റി നുഴഞ്ഞ് കയറിയവരാണ് ഭീകരാക്രമണം നടത്തിയതെന്നാണ് സൂചന. സാംബ, കത്തുവ മേഖല വഴിയാണ് ഇവര്‍ ഇന്ത്യയില്‍ കയറിയത്. കാട്ടില്‍ ഒളിക്കാന്‍ പരിശീലനം കിട്ടിയ ഹുസൈന്‍ ഷെയിക് ആണ് സംഘത്തെ നയിച്ചത്. കുല്‍ഗാമിലും ബാരാമുള്ളയിലും നേരത്തെ ഇവര്‍ ആക്രമണങ്ങള്‍ നടത്തിയെന്നാണ് കണ്ടെത്തല്‍. അനന്ത്നാഗിലെ മലനിരകളില്‍ സംഘം ഇപ്പോഴുണ്ടെന്നാണ് സുരക്ഷ സേനയുടെ അനുമാനം. അതേസമയം പഹല്‍ഗാമില്‍ ആക്രമണത്തിന് ദിവസങ്ങള്‍ക്കു മുമ്പ് തന്നെ ഭീകരര്‍ എത്തി. മലയാളിയായ ശ്രീജിത് രമേശന്‍ പകര്‍ത്തിയ ദൃശ്യങ്ങളിലാണ് ആക്രമണം നടത്തിയ രണ്ട് ഭീകരരെ കണ്ടത്. ശ്രീജിത് രമേശന്‍ എന്‍ഐഎയ്ക്ക് മൊഴി നല്‍കി. ഏപ്രില്‍18ന് കശ്മീരില്‍ നിന്ന് പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. ദൃശ്യങ്ങളും എന്‍ഐഎ ശേഖരിച്ചു. റീല്‍സ് ഷൂട്ടിനായി വീഡിയോ എടുക്കുന്നതിനിടെയാണ് ആറ് വയസുള്ള തന്‍റെ മകളുടെ പിന്നിലൂടെ ഭീകരര്‍ കടന്നുപോയതെന്ന് ശ്രീജിത് രമേശന്‍ പറഞ്ഞു. ഭീകരാക്രമണത്തിന് ശേഷം പുറത്തുവിട്ട ഭീകരരുടെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എടുത്ത ചിത്രങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഭീകരരെ തിരിച്ചറിഞ്ഞതെന്ന് ശ്രീജിത് പറയുന്നു. തുടര്‍ന്ന് ഡല്‍ഹി എന്‍ഐഎയെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ മുംബൈ ഓഫീസിലേക്ക് വിളിപ്പിച്ചെന്നും ശ്രീജിത് പറഞ്ഞു.