275 കുപ്പി മാഹി മദ്യവുമായി യുവാവ് എക്സൈസ് പിടിയില്‍

കണ്ണൂര്‍: തളിപ്പറമ്പില്‍ 275 കുപ്പി മാഹി മദ്യവും സ്കൂട്ടറും സഹിതം യുവാവ് എക്സൈസ് പിടിയില്‍. പെരിങ്ങോം ഉമ്മറപ്പൊയില്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സ്കൂട്ടിയില്‍ കടത്തുകയായിരുന്ന 50 കുപ്പി മാഹി മദ്യവുമായി മടക്കാംപൊയില്‍ സ്വദേശി നന്ദു എന്നയാള്‍ പിടിയിലായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ വില്‍പ്പനയ്ക്ക് മദ്യം സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് സൂചന ലഭിച്ചു. തുടര്‍ന്ന് പ്രതി ഭൂമിക്കടിയില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന 225 കുപ്പി മാഹി മദ്യം കൂടി എക്സൈസ് സംഘം കണ്ടെടുത്തു.

തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ കെ ഷിജില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ പ്രിവന്‍റീവ് ഓഫീസര്‍ കെ കെ രാജേന്ദ്രന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ശ്രീകാന്ത് ടി വി, സനേഷ് പി വി, പി സൂരജ്, എക്സൈസ് ഡ്രൈവര്‍ അജിത്ത് പി വി എന്നിവര്‍ കേസ് കണ്ടെടുത്ത പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. അതേസമയം, കോഴിക്കോട് താമരശേരിയില്‍ എക്സൈസ് വന്‍ മയക്കുമരുന്ന് വേട്ട നടത്തിയിരുന്നു. 194 ഗ്രാം എം ഡി എം എയാണ് എക്സൈസ് പിടികൂടിയത്.

രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഉണ്ണികുളം എസ്റ്റേറ്റ് മുക്ക് നായാട്ടു കുന്നുമ്മല്‍ ഫവാസ് (27) , ബാലുശ്ശേരി കാട്ടാംവള്ളി പുള്ളാണിക്കല്‍ ജാസില്‍ പി (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ചുരത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ചുരം എട്ടാം വളവില്‍ കാറില്‍ കടത്തുകയായിരുന്നു മയക്കുമരുന്ന്. കാറും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മയക്കുമരുന്ന് മൈസൂരിലെ മൊത്ത വ്യാപാരിയില്‍ നിന്ന് വാങ്ങിയതാണെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഉത്തരമേഖല എക്സൈസ് കമ്മീഷണറുടെ സ്ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചുരത്തില്‍ പരിശോധന. ഇവര്‍ സഞ്ചരിച്ച കെ.എല്‍ 57 എക്സ് 4652 നമ്പര്‍ ഇന്നോവ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൈസൂരില്‍ നിന്നും രണ്ട് ലക്ഷം രൂപക്ക് വാങ്ങിയ എം ഡി എം എ സംസ്ഥാനത്ത് ചില്ലറ വില്‍പന നടത്തി അഞ്ച് ലക്ഷം രൂപ സമാഹരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.