തമിഴ് പിന്നണി ഗായിക ഉമ രമണന്‍ അന്തരിച്ചു

ചെന്നൈ: തമിഴകത്തിന്‍റെ പ്രിയ ഗായിക ഉമ രമണന്‍(72) അന്തരിച്ചു. ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. ഗായകന്‍ എ വി രമണന്‍ ആണ് ഭര്‍ത്താവ്. വിഘ്നേഷ് ആണ് മകന്‍. 1977ല്‍ ശ്രീകൃഷ്ണലീല എന്ന ഗാനത്തോടെയാണ് ഉമ പിന്നണിഗാനരംഗത്ത് എത്തുന്നത്. ഭര്‍ത്താവിന് ഒപ്പമായിരുന്നു ഗാനാലാപനം. ഭര്‍ത്താവിനൊപ്പം നിരവധി കച്ചേരികളിലും ഇവര്‍ പാടിയിട്ടുണ്ട്. ഇളയരാജയുമായുള്ള കൂട്ടുകെട്ട് ആയിരുന്നു ഉമയെ പ്രശസ്തിയിലേക്ക് നയിച്ചത്. നൂറോളം ഗാനങ്ങള്‍ ഇളയരാജയ്ക്ക് ഒപ്പം ഉമ പാടിയിട്ടുണ്ട്. 'ഭൂപാലം ഇസൈയ്ക്കും', 'അന്തരാഗം കേള്‍ക്കും കാലം', 'പൂ മാനേ' തുടങ്ങിയ പാട്ടുകള്‍ ഇതില്‍ ശ്രദ്ധേയമാണ്. വിജയ് നായകനായി എത്തിയ തിരുപ്പാച്ചി എന്ന ചിത്രത്തിലെ 'കണ്ണും കണ്ണുംതാന്‍ കലന്താച്ചു' എന്ന ഗാനമാണ് ഉമ അവാസനമായി പാടിയത്.