ചെന്നൈ: പ്രശസ്തസംവിധായകന്‍ പി ഭാരതിരാജ (84) അന്തരിച്ചു. പുലര്‍ച്ചെ മൂന്നരയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളും ശ്വാസതടസവും കാരണം കുറച്ചുനാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. തമിഴ്സിനിമയുടെ ഗ്രാമീണമുഖം മാറ്റിയെഴുതിയ 'പതിനാറാം വയതിലെ' മുതല്‍ 'മര്യാദൈ' വരെയുള്ള അനശ്വര ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം. നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജിവിതത്തിനിടയില്‍ ആറു തവണ ദേശീയ പുരസ്കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കഥയും കഥാപാത്രങ്ങളും മാറുമ്പോഴും ഭാരതിരാജയുടെ ഫ്രെയിമുകള്‍ തമിഴ്നാടിന്‍റെ ഗ്രാമീണഭംഗി നിലനിര്‍ത്തുന്നതായിരുന്നു. പുരാണകഥകളില്‍ കേന്ദ്രീകരിച്ചുപൊയ്ക്കൊണ്ടിരുന്ന തമിഴ്സിനിമയെ സാധാരണ ജനങ്ങളിലേക്ക് ഊട്ടിയുറപ്പിച്ച പ്രതിഭയാണ് ഭാരതിരാജ. സൂപ്പര്‍ഹിറ്റുകളുടെ ഒരു പരമ്പരതന്നെ അദ്ദേഹം തമിഴില്‍ തീര്‍ത്തു. 2004ല്‍ രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ച അദ്ദേഹം 2013ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാനായിരുന്നു. സംവിധായകനായും തിരക്കഥാകൃത്തായും തിളങ്ങിയ അദ്ദേഹം ജീവിതത്തിന്‍റെ അവസാനനാളുകളില്‍ അഭിനയത്തിലും കൊയ്യൊപ്പിട്ടു. ധനുഷ് നായകനായ തിരുച്ചിത്രമ്പലത്തിലെ അദ്ദേഹത്തിന്‍റെ അഭിനയം വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു. മോഹന്‍ലാല്‍ നായകനായ തുടരും എന്ന ചിത്രത്തില്‍ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തില്‍ ഭാരതിരാജ എത്തിയിരുന്നു.
പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു