തുടര്‍ച്ചയായി ആറാംദിവസവും ഇറാനില്‍ യുഎസ് ആക്രമണം

തെഹ്റാന്‍: തുടര്‍ച്ചയായ ആറാം ദിനവും ഇറാനില്‍ യുഎസ് ആക്രമണം. ബന്ദര്‍ അബ്ബാസിലെ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലുടനീളം ഉണ്ടായ ആക്രമണങ്ങളില്‍ 2 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 8 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. കുവൈറ്റും ജോര്‍ദാനും അടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്‍ തിരിച്ചടി തുടരുകയാണ്. ഹോര്‍മൂസ് കടലിടുക്ക് ഇറാന്‍റെ നിയന്ത്രണത്തിലല്ലെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി രംഗത്ത് വന്നിട്ടുണ്ട്. ബഹ്റൈനില്‍ യുഎസ് സൈനിക താവളത്തില്‍ യുദ്ധ വിമാനത്തെ ആക്രമിച്ചതായി ഇറാന്‍ സൈന്യം അവകാശപ്പെടുന്നു. ഇറാന്‍റെ ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിച്ചതായി കുവൈറ്റും അറിയിച്ചു. യുദ്ധത്തിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ഹോര്‍മൂസ് കടലിടുക്ക് ഇനി ഒരിക്കലും തിരിച്ചു പോകില്ലെന്നാണ് ഇറാന്‍ സൈനിക വക്താവ് അറിയിച്ചിരിക്കുന്നത്. ഹോര്‍മൂസ് കടലിടുക്ക് ലംഘിക്കരുതാത്ത 'ചുവന്ന രേഖ'യാണെന്ന മുന്നറിയിപ്പുമായി ഇറാന്‍ സൈന്യം ഇന്നലെ രംഗത്ത് വന്നിരുന്നു. അമേരിക്ക സൈനിക നടപടികള്‍ ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തിലായിരുന്നു ഇറാന്‍റെ മുന്നറിയിപ്പ്. ഇറാന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമാക്കി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആക്രമണം നടത്തുകയാണെങ്കില്‍ മേഖലയിലുടനീളമുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കുമെന്നും ഇറാനിയന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ഇറാനിലെ സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുമെന്ന ഭീഷണി യാഥാര്‍ഥ്യമായാല്‍, മേഖലയിലെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ശക്തമായ പ്രഹരങ്ങളില്‍ തകര്‍ന്നുവീഴും' എന്നായിരുന്നു ഇറാന്‍ സൈന്യത്തിന്‍റെ പ്രതികരണം.