നാല് സിഐഎസ്എഫ് ജവാന്മാരെ സഹപ്രവര്‍ത്തകന്‍ വെടിവെച്ചുകൊന്നു

കത്വ: ജമ്മു കശ്മീരിലെ കത്വയില്‍ സിഐഎസ്എഫ് ജവാന്‍റെ വെടിയേറ്റ് നാലു സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് ഉള്‍പ്പെടെ നാല് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം 6.40 ഓടെയാണ് സംഭവം. കത്വയിലെ ബസോഹ്ലിയിലുള്ള മഷ്ക ഗ്രാമത്തിലെ സേവാ ഹൈഡല്‍ 2 പവര്‍ പ്രോജക്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് ആക്രമണത്തിനിരയായത്. അവ്ദേഷ് കുമാര്‍ സിംഗ് എന്ന ഉദ്യോഗസ്ഥനാണ് സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്തത്. അവ്ദേഷും ഭാര്യയും സിഐഎസ്എഫിലാണ് ജോലി ചെയ്യുന്നത്. പ്രതിയും സഹപ്രവര്‍ത്തകരും കമ്പനി കമാന്‍ഡറായ അങ്കിത് കുമാര്‍ പാണ്ഡെയും തമ്മില്‍, കുട്ടിയെ ജോലിക്കിടയില്‍ പദ്ധതി പ്രദേശത്തേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദമ്പതികള്‍ ഒരേ സ്ഥലത്ത് വ്യത്യസ്ത ഷിഫ്റ്റുകളിലാണ് ജോലി ചെയ്തിരുന്നത്. അതിനാല്‍ ജോലിക്ക് എത്തുന്ന പങ്കാളി വീട്ടിലേക്ക് മടങ്ങുന്ന പങ്കാളിക്ക് കൈമാറാന്‍ കുട്ടിയുമായി എത്തുമായിരുന്നു. കുട്ടിയെ പദ്ധതി പ്രദേശത്തേക്ക് കൊണ്ടുവരരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. ഇന്നലെയും കുട്ടിയെ കൊണ്ടുവന്നതോടെ ഇതേക്കുറിച്ച് ആരോ കമ്പനി കമാന്‍ഡറോട് പരാതിപ്പെട്ടു. ഇത് രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ കലാശിക്കുകയും ഒടുവില്‍ വെടിവെപ്പിലേക്ക് നയിക്കുകയുമായിരുന്നു.

അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് അങ്കിത് കുമാര്‍ പാണ്ഡെയ്ക്ക് പുറമെ സബ് ഇന്‍സ്പെക്ടര്‍ ലക്ഷ്മണ്‍ സിംഗ്, കോണ്‍സ്റ്റബിള്‍മാരായ സഞ്ജീവ് കുമാര്‍, മുഹമ്മദ് റഫീഖ് എന്നിവരാണ് വെടിയേറ്റു മരിച്ചത്. പ്രതിയായ അവ്ദേഷ് കുമാര്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. ക്വിക്ക് റെസ്പോണ്‍സ് ടീമിന്‍റെ ബി ഷിഫ്റ്റില്‍ ജോലിയിലുണ്ടായിരുന്ന പ്രതി, തനിക്ക് അനുവദിച്ചിരുന്ന എകെ 47 തോക്കില്‍ നിന്ന് ഓഫീസിനുള്ളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സിഐഎസ്എഫ് അധികൃതര്‍ അറിയിച്ചു. സംഭവ സ്ഥലത്തേക്ക് അയല്‍സംസ്ഥാനമായ ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയിലൂടെ മാത്രമാണ് റോഡ് മാര്‍ഗം എത്താനാകുന്നത്. അതുകൊണ്ട് തന്നെ പരിക്കേറ്റവരെ ഉടന്‍ തന്നെ ഹിമാചല്‍ പ്രദേശിലെ എന്‍എച്ച്പിസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ പോലീസും സുരക്ഷാ സേനയും സ്ഥലത്തെത്തി ജലവൈദ്യുത പദ്ധതി പ്രദേശം സുരക്ഷിതമാക്കി. ജമ്മുകശ്മീരിനും ഹിമാചല്‍ പ്രദേശിനും ഇടയിലുള്ള സേവാ നദിയിലാണ് 120 മെഗാവാട്ട് ശേഷിയുള്ള സേവാ ഹൈഡല്‍ പവര്‍ പ്രോജക്റ്റ് 2 സ്ഥിതി ചെയ്യുന്നത്.