ഇന്‍ഡിഗോക്കെതിരെ കേന്ദ്രം; ശൈത്യകാല സര്‍വീസുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കും

ന്യൂഡല്‍ഹി: വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി യാത്രക്കാരെ പെരുവഴിയിലാക്കിയ ഇന്‍ഡിഗോയെ ശിക്ഷിക്കാന്‍ കേന്ദ്രവ്യോമായന മന്ത്രാലയം. കമ്പനിയുടെ ശൈത്യകാല സര്‍വീസുകള്‍ വെട്ടിച്ചുരുക്കി മറ്റ് കമ്പനികള്‍ക്ക് നല്‍കുമെന്ന് വ്യോമയാന മന്ത്രി കെ.റാം മോഹന്‍ നായിഡു വ്യക്തമാക്കി. സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉന്നതതല യോഗം മന്ത്രാലയം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷമാണ് ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. മാത്രമല്ല ഭാവിയില്‍ ഇത്തരത്തിലുള്ള പ്രശ്നം ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടിയെടുക്കാനും തീരുമാനമായിട്ടുണ്ട്. ഇന്ന് രാവിലെ വരെ ലഖ്നൗവിലേക്കും തിരിച്ചുമുള്ള 26 ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കി. ബാംഗ്ലൂര്‍ 121, ചെന്നൈ 81, ഹൈദരാബാദ് 58, അഹമ്മദാബാദ് 16 എന്നിങ്ങനെയാണ് റദ്ദാക്കിയ മറ്റ് വിമാനങ്ങളുടെ കണക്ക്. വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 9,000ത്തോളം യാത്രാ ബാഗുകളില്‍ 6000ത്തോളം ബാഗുകള്‍ യാത്രക്കാരുടെ കൈകളിലെത്തിയെന്നും ബാക്കിയുള്ളവെ ഉടന്‍ എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ ഒന്നുമുതല്‍ എട്ടുവരെ റദ്ദാക്കിയ 730655 പിഎന്‍ആറുകള്‍ക്ക് പണം തിരിച്ചുനല്‍കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വ്യോമായന മന്ത്രാലയം ഭൂരിഭാഗം വിമാനത്താവളങ്ങളിലും പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വരുന്ന രണ്ട് മൂന്ന് ദിവസങ്ങളില്‍ ഇവര്‍ കാര്യങ്ങള്‍ വിലയിരുത്തി ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും.