അതിതീവ്ര ചുഴലിക്കാറ്റായി അര്‍ണബ്; 53 ട്രെയിനുകള്‍ റദ്ദാക്കി

അമരാവതി:'അര്‍ണബ്' അതിതീവ്ര ചുഴലിക്കാറ്റായി മാറി. നിലവില്‍ വിശാഖപ്പട്ടണത്തിന് 350 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്‍റെ സ്ഥാനം. ആന്ധ്ര, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങള്‍ ജാഗ്രതയിലാണ്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്നും നാളെയുമായി 53 ട്രെയിനുകള്‍ റദ്ദാക്കി. അതേസമയം, കേരളത്തില്‍ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. അര്‍ണബ് നാളെ ആന്ധ്രാ തീരത്ത് കരതൊടുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് നാളെ ഉച്ചയ്ക്ക് മുന്‍പായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്തും കരതൊടുമെന്നാണ് നിഗമനം. ഗോപാല്‍പൂരില്‍ നിന്ന് 610 കിലോമീറ്ററും വിശാഖപട്ടണത്ത് നിന്ന് 650 കിലോമീറ്ററും അകലെയാണ് ഇതിന്‍റെ കേന്ദ്രമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കരതൊടുന്ന സമയത്ത് മണിക്കൂറില്‍ 115 മുതല്‍ 125 കിലോമീറ്റര്‍ മുതല്‍ 140 കിലോമീറ്റര്‍ വരെയും വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. ആന്ധ്രാപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാള്‍, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളില്‍ അര്‍ണബ് ആഞ്ഞടിക്കാനാണ് സാധ്യതയെന്നാണ് പ്രവചനം. കേരളത്തിലും കനത്ത മഴക്ക് സാധ്യതയുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തര ചികിത്സാ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കണമെന്ന് ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം. ഒക്ടോബര്‍ 27 മുതല്‍ 30 വരെയുള്ള തീയതികളില്‍ സര്‍ക്കാര്‍ ആശുപത്രികള്‍, പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍, വില്ലേജ് തല ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ അടിയന്തര ചികിത്സ ഉറപ്പാക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യമന്ത്രി സത്യകുമാര്‍ യാദവ് നിര്‍ദ്ദേശം നല്‍കിയത്. ഇന്നലെ രാവിലെയാണ് ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം അര്‍ണബ് ചുഴലിക്കാറ്റ് ആയി രൂപാന്തരം പ്രാപിച്ചത്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഗര്‍ഭിണികള്‍, നവജാത ശിശുക്കള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ദീര്‍ഘകാല രോഗബാധിതര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണം.

ഇവര്‍ക്ക് ഈ ദിവസങ്ങളില്‍ യാതൊരു തടസ്സവുമില്ലാതെ ചികിത്സാ സേവനങ്ങള്‍ ഉറപ്പാക്കാന്‍ കഴിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നവംബര്‍ ആറ് വരെ പ്രസവതീയതി പ്രതീക്ഷിക്കുന്ന 26,768 ഗര്‍ഭിണികളെ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ആന്‍റ് ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെയും ഗര്‍ഭാവസ്ഥയില്‍ ഹൈ റിസ്ക് ഉള്ളവരെയും മുന്‍കൂട്ടി ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രികളില്‍ ആവശ്യത്തിന് മരുന്ന് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗികളെ വേഗത്തില്‍ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി ആംബുലന്‍സുകള്‍, ബ്ലഡ് ബാങ്കുകള്‍, പ്രസവ കേന്ദ്രങ്ങള്‍ എന്നിവ തമ്മില്‍ കൃത്യമായ ഏകോപനം വേണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. തീരദേശ മേഖലകളില്‍ നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കാനും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഒഡീഷയിലെ ഗഞ്ചം, ഗജപതി, രായഗഡ, മല്‍ക്കന്‍ഗിരി, കൊരാപുട്ട്, നബരംഗ്പുര്‍ ജില്ലകളെ ദുരന്തസാധ്യതയുള്ള മേഖലകളായി പ്രഖ്യാപിച്ചു.