വാഖംഡെ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്സ് മത്സരത്തിനിടെ ആര്‍സിബി താരം വിരാട് കോലിയോട് പന്തെറിയാന്‍ ആവശ്യപ്പെട്ട് വാംഖഡെയിലെ ആരാധകര്‍. ആര്‍സിബി ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈക്കായി വന്നവരെല്ലാം അടിച്ചു തകര്‍ക്കുമ്പോഴായിരുന്നു മുംബൈയിലെ ആരാധകര്‍ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു കോലിയോട് ഒരോവര്‍ എറിയൂ എന്ന് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ തന്‍റെ ഇരുചെവിയിലും പിടിച്ച് അയ്യോ വേണ്ടേ എന്ന അര്‍ത്ഥത്തില്‍ കോലി ആരാധകരുടെ ആവശ്യം സ്നേഹപൂര്‍വം നിരസിച്ചു.
മുംബൈയുടെ വെടിക്കെട്ടില്‍ ഇന്നലെ അടിവാങ്ങാത്ത ഒറ്റ ആര്‍സിബി ബൗളറുമുണ്ടായിരുന്നില്ല.ആര്‍സിബിക്കായി ആറ് പേര്‍ ബൗള്‍ ചെയ്തെങ്കിലും ഒരാള്‍ പോലും 10ല്‍ താഴെ ഇക്കോണമിയില്‍ പന്തെറിഞ്ഞില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ആദ്യ രണ്ടോവറുകളില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത റീസ് ടോപ്ലി പോലും മൂന്നോവര്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 34 റണ്‍സ് വഴങ്ങി. ആദ്യ ഓവര്‍ മുതലെ അടി വാങ്ങിയ മുഹമ്മദ് സിറാജാവട്ടെ മൂന്നോവറില്‍ വഴങ്ങിയത് 37 റണ്‍സായിരുന്നു.
മുംബൈ ബാറ്റര്‍മാരുടെ പ്രഹരം ഏറ്റവും കൂടുതല്‍ കിട്ടിയത് ആകാശ് ദീപിനായിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ ആകാശ് ദീപ് 3.3 ഓവറില്‍ വിട്ടുകൊടുത്തത് 55 റണ്‍സായിരുന്നു. ഇക്കോണമിയാകട്ടെ 17ഉം. ഗ്ലെന്‍ മാക്സ്വെല്‍ ഒരോവറില്‍ 17ഉം വിജയകുമാര്‍ വൈശാഖ് മൂന്നോവറില്‍ 32 ഉം, വില്‍ ജാക്സ് രണ്ടോവറില്‍ 24ഉം റണ്‍സ് വിട്ടുകൊടുത്തപ്പോഴാണ് ആരാധകര്‍ കോലിയോടും കൂടി ബൗള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്.