അഹമ്മദാബാദ്: നീണ്ട 74 വര്‍ഷത്തെ കാത്തിരിപ്പിനും 352 മത്സരങ്ങളിലെ പോരാട്ടത്തിനുംശേഷമാണ് കേരളം ആദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലില്‍ എത്തുന്നത്. പഴയ തിരുവിതാംകൂര്‍-കൊച്ചി ടീം കേരള ക്രിക്കറ്റ് ടീം ആയശേഷം 1957ലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി ടൂര്‍ണമെന്‍റില്‍ മത്സരിക്കാനിറങ്ങുന്നത്. ആദ്യ സീസണില്‍ മദ്രാസിനും മൈസൂരുവിനും ആന്ധ്രക്കും ഹൈദരാബാദിനുമെതിരായ എല്ലാ മത്സരങ്ങളും തോറ്റായിരുന്നു കേരളത്തിന്‍റെ രഞ്ജി അരങ്ങേറ്റം.
രഞ്ജിയില്‍ ശ്രദ്ധേയമായ പ്രകടനം നടത്താന്‍ കേരളം പിന്നെയും കാത്തിരിക്കേണ്ടിവന്നത് നാലു പതിറ്റാണ്ടോളമായിരുന്നു. 1994-95ല്‍ കെ എന്‍ അനന്തപദ്മനാഭന്‍റെ നേതൃത്വത്തിലിറങ്ങിയ കേരളം ദക്ഷിണമേഖലാ വിജയികളായി പ്രീ ക്വാര്‍ട്ടറിലെത്തിയാണ് മികവ് കാട്ടിയത്. 1996-97 സീസണില്‍ ദക്ഷിണ മേഖലാ ജേതാക്കളായ കേരളം സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടി. 2002-2003ല്‍ പ്ലേറ്റ് ലീഗ് ഫൈനലിലെത്തിയ കേരളം 2007-2008 സീസണില്‍ പ്ലേറ്റ് ലീഗ് സെമിഫൈനലിലെത്തി.
2017-2018 സീസണിലാണ് അതിനുശേഷം കേരളം മികച്ച പ്രകടനം നടത്തിയത്. ഗ്രൂപ്പ് ബിയില്‍ രണ്ടാമതെത്തിയ കേരളം ആദ്യമായി രഞ്ജി ക്വാര്‍ട്ടറിലെത്തി. 2018-2019 സീസണില്‍ ആദ്യമായി രഞ്ജി സെമിയിലെത്തിയ കേരളം ദേശീയ തലത്തിലും ശ്രദ്ധേയരായി. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി രഞ്ജിയില്‍ കാര്യമായ നേട്ടം കൊയ്യാതിരുന്ന കേരളം ഇത്തവണ ഒരടികൂടി കടന്ന് ചരിത്രത്തിലാദ്യമായി ഫൈനല്‍ ഉറപ്പിച്ചിരിക്കുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ പത്താം വിക്കറ്റില്‍ റെക്കോര്‍ഡ് കൂട്ടുകെട്ടുമായി സല്‍മാന്‍ നിസാറും ബേസില്‍ തമ്പിയും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് ജമ്മു കശ്മീരിനെതിരെ ഒരു റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡുമായി കേരളത്തിന് സെമി ബര്‍ത്തുറപ്പിച്ചത്. ഇപ്പോള്‍ സെമിയില്‍ ആതിഥേയരായ ഗുജറാത്തിനെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രണ്ട് റണ്‍സിന്‍റെ ലീഡുമായി ഫൈനലും ഉറപ്പിച്ചു. ഫൈനലില്‍ വിദര്‍ഭയാകും കേരളത്തിന്‍റെ എതിരാളികള്‍ എന്നാണ് കരുതുന്നത്. രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈക്കെതിരെ വിദര്‍ഭ ജയത്തിലേക്ക് നീങ്ങുകയാണ്.