ന്യൂയോര്‍ക്ക്: 2026 ഫിഫ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്‍റീനയെ വീഴ്ത്തി സ്പെയിന്‍ തങ്ങളുടെ രണ്ടാം ലോകകിരീടം ചൂടിയപ്പോള്‍ ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം സ്വന്തമാക്കി സ്പാനിഷ് നായകന്‍ റോഡ്രി. ഫൈനലില്‍ എക്സ്ട്രാ ടൈമില്‍ ഫെറാന്‍ ടോറസ് നേടിയ ഏക ഗോളിലാണ് സ്പെയിന്‍ വിജയിച്ചതെങ്കിലും, ടൂര്‍ണമെന്‍റിലുടനീളം ടീമിന്‍റെ പ്ലേമേക്കറായി കളം നിറഞ്ഞത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഈ സൂപ്പര്‍ മിഡ്ഫീല്‍ഡറായിരുന്നു. ലൂയിസ് ഡിലാ ഫുവെന്‍റെയുടെ സ്പാനിഷ് പടയുടെ യഥാര്‍ഥ ഹൃദയമിടിപ്പ് റോഡ്രിയായിരുന്നു. മുന്നേറ്റനിരയിലെ ലാമിന്‍ യമാലും ഒയാര്‍സബാലും ഗോളുകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ മധ്യനിരയില്‍ കളി നിയന്ത്രിച്ചതും പ്രതിരോധ കോട്ടയ്ക്ക് കാവല്‍ നിന്നതും ഈ സ്പാനിഷ് നായകനാണ്. ടൂര്‍ണമെന്‍റില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് സ്പെയിന്‍ കിരീടത്തിലേക്ക് കുതിച്ചത്. ടൂര്‍ണമെന്‍റിലുടനീളം റോഡ്രി പുറത്തെടുത്തത് സമാനതകളില്ലാത്ത പ്രകടനമാണ്. ഒരു ലോകകപ്പ് ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ പാസുകള്‍ പൂര്‍ത്തിയാക്കുന്ന കളിക്കാരനെന്ന സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് ആകെ 756 പാസുകളാണ് താരം ടൂര്‍ണമെന്‍റില്‍ പൂര്‍ത്തിയാക്കിയത്. ടൂര്‍ണമെന്‍റിലുടനീളം 93 ശതമാനത്തിന് മുകളില്‍ പാസിങ് കൃത്യത നിലനിര്‍ത്തിയ റോഡ്രി, അര്‍ജന്‍റീനയ്ക്കെതിരായ ഫൈനലില്‍ 99 പാസുകളില്‍ 93 എണ്ണവും കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു.
റോഡ്രിയുടെ നേതൃത്വത്തിലുള്ള മധ്യനിരയുടെ ആധിപത്യം കാരണം നിശ്ചിത 90 മിനിറ്റില്‍ അര്‍ജന്‍റീനയ്ക്ക് സ്പാനിഷ് പോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ബോള്‍ റിക്കവറി, ടാക്കിളുകള്‍, ഏരിയല്‍ ഡ്യുവലുകള്‍ എന്നിവയിലും റോഡ്രി ടൂര്‍ണമെന്‍റില്‍ ഏറെ മുന്നിലായിരുന്നു. മാഡ്രിഡില്‍ ജനിച്ച റോഡ്രിയുടെ ഫുട്ബോള്‍ യാത്ര പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. കൗമാരപ്രായത്തില്‍ ശാരീരിക വളര്‍ച്ച പോരെന്ന കാരണത്താല്‍ അത്ലറ്റിക്കോ മാഡ്രിഡ് അക്കാദമിയില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് വിയ്യാറയലിലൂടെ കരിയര്‍ തിരിച്ചുപിടിച്ച റോഡ്രി പിന്നീട് അത്ലറ്റിക്കോയിലേക്ക് തന്നെ തിരിച്ചെത്തുകയും 2018ല്‍ യുവേഫ സൂപ്പര്‍ കപ്പ് നേടുകയും ചെയ്തു.
2019ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മാറിയതോടെയാണ് റോഡ്രി ലോകത്തെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായി ഉയര്‍ന്നത്. 2023 യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സിറ്റിക്കായി വിജയഗോള്‍ നേടിയ താരം, സ്പെയിനെ യൂറോ 2024 കിരീടത്തിലേക്ക് നയിച്ചതിന് ശേഷം ബാലണ്‍ ഡി ഓറും സ്വന്തമാക്കി. 2024 സെപ്റ്റംബറിലേറ്റ ഗുരുതരമായ എസിഎല്‍ പരിക്ക് കരിയറിന് ഭീഷണിയായെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തിയാണ് താരം ലോകകപ്പിനെത്തിയത്. നായകനെന്ന നിലയില്‍ സ്പെയിന്‍റെ തോല്‍വിയറിയാത്ത കുതിപ്പ് 38 മത്സരങ്ങളിലേക്ക് നീട്ടാനും ഫിഫ ലോകകപ്പ് കിരീടത്തിനൊപ്പം ചരിത്രപ്രസിദ്ധമായ ഗോള്‍ഡന്‍ ബോളില്‍ മുത്തമിടാനും ഈ മുപ്പതുകാരന് സാധിച്ചു.