സുനിത വില്യംസ് പറന്നിറങ്ങി ആരോഗ്യത്തോടെ

ഫ്ലോറിഡ: ഇതാ ലോകം കാത്തിരുന്ന ആ നിമിഷം... ലോക ബഹിരാകാശ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് സുനിത വില്യംസും ബുച്ച് വില്‍മോറും ക്രൂ9 ദൗത്യത്തിലെ മറ്റ് രണ്ട് അംഗങ്ങള്‍ക്കൊപ്പം സുരക്ഷിതമായി ഭൂമിയിലിറങ്ങി. ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.27ന് മെക്സിക്കോ ഉള്‍ക്കടലില്‍ സുരക്ഷിതമായി ഇറങ്ങിയ ഡ്രാഗണ്‍ ഫ്രീഡം പേടകത്തിന് അരികിലേക്ക് സ്പേസ് റിക്കവറി കപ്പല്‍ എത്തി. ആദ്യം നിക് ഹേഗ്, മൂന്നാമതായി സുനിത വില്യംസ്... പുഞ്ചിരിതൂകി ഓരോ യാത്രികരും പേടകത്തിന് പുറത്തിറങ്ങിയതോടെ ലോകത്തിന് ആശ്വാസമായി. മെക്സിക്കോ ഉള്‍ക്കടലില്‍, ലോകത്തിന്‍റെ നെഞ്ചിടിപ്പ് കൂട്ടി സുനിത വില്യംസും കൂട്ടരും പറന്നിറങ്ങി.

നാസയുടെ നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരും റഷ്യന്‍ കോസ്മനോട്ട് അലക്സാണ്ടര്‍ ഗോര്‍ബുനോവുമാണ് ക്രൂ9 ബഹിരാകാശ ദൗത്യ സംഘത്തില്‍ മടങ്ങിയെത്തിയത്. കൈവീശി, പുഞ്ചിരിയോടെയായിരുന്നു സുനിത പേടകത്തിന് പുറത്തിറങ്ങിയത്. 9 മാസത്തിലേറെ നീണ്ട ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയാണ് സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്‍റെയും മടങ്ങിവരവ്. 2024 ജൂണ്‍ 5നായിരുന്നു ഇവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. അതേസമയം 2024 സെപ്റ്റംബര്‍ 28നായിരുന്നു ഹേഗും ഗോര്‍ബുനോവും ബഹിരാകാശത്തേക്ക് തിരിച്ചത്. സുനിത വില്യംസ് മൂന്ന് ദൗത്യങ്ങളിലായി 608 ദിവസവും, ബുച്ച് വില്‍മോര്‍ മൂന്ന് യാത്രകളിലായി 464 ദിവസവും, നിക് ഹേഗ് രണ്ട് ദൗത്യങ്ങളിലായി 374 ദിവസവും ബഹിരാകാശ നിലയത്തില്‍ പൂര്‍ത്തിയാക്കി. ഫ്ളോറിഡയിലെ ജോണ്‍സണ്‍ സ്പേസ് സെന്‍ററിലാണ് ഇനി ഈ നാല് ബഹിരാകാശ സഞ്ചാരികളും കഴിയുക. ദിവസങ്ങള്‍ നീളുന്ന ആരോഗ്യ പരിശോധനകളും പരിശീലനവും പൂര്‍ത്തിയാക്കി ഡോക്ടര്‍മാര്‍ അനുമതി നല്‍കിയ ശേഷമേ വീടുകളിലേക്ക് ഇവര്‍ മടങ്ങൂ. 45 ദിവസം ബഹിരാകാശ സഞ്ചാരികള്‍ക്ക് റീഹാബിലിറ്റേഷന്‍ സമയമാണ്. ഡ്രാഗണ്‍ ഫ്രീഡം പേടകം സുരക്ഷിതമായി കടലില്‍ ഇറങ്ങിയതിന് പിന്നാലെ പേടകത്തിന് ചുറ്റുമെത്തിയ ഡോള്‍ഫിന്‍ കൂട്ടം കൗതുകകാഴ്ചയായി. പേടകം വീണ്ടെടുക്കുന്നതിനായി റിക്കവറി ബോട്ടുകള്‍ ശ്രമം നടത്തുന്നതിനിടെയാണ് ഡോള്‍ഫിനുകളെത്തിയത്. ബഹിരാകാശ യാത്രികരെ സ്വാഗതം ചെയ്യാനെത്തിയ ഡോള്‍ഫിനുകളെന്ന രസകരമായ തലക്കെട്ടുകളോടെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ ഡി വാന്‍സ് ഉള്‍പ്പടെ നിരവധിയാളുകളാണ് ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ളത്.