റഹീം മോചനം; അക്കൗണ്ടില്‍ ഒഴുകിയെത്തിയത് 47 കോടി

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്‍റെ മോചനത്തിനായി മാര്‍ച്ച് ആദ്യവാരം ആരംഭിച്ച ക്രൗഡ് ഫണ്ടിങ് വഴി ഒഴുകി എത്തിയത് 47 കോടിയോളം രൂപയാണെന്ന് റിയാദ് റഹീം സഹായ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ ബാങ്കുകളില്‍ അബ്ദുല്‍ റഹീം ലീഗല്‍ അസിസ്റ്റന്‍റ് കമ്മിറ്റിയുടെ പേരിലും റഹീമിന്‍റെ മാതാവ് പാത്തു എന്നിവരുടെ പേരിലും ആരംഭിച്ച അക്കൗണ്ടുകളിലാണ് പ്രതീക്ഷിച്ചതിലേറെ തുക എത്തിയത്.

സമാഹരിച്ച തുകയില്‍ നിന്ന് ദിയാധനം നല്‍കാനായുള്ള ഒന്നര കോടി റിയാലിന് സമാനമായ ഇന്ത്യന്‍ രൂപയും വക്കീല്‍ ഫീസായി നല്‍കാനുള്ള ഏഴര ലക്ഷം റിയാലിന് സമാനമായ ഇന്ത്യന്‍ രൂപയും ഇതിനോടകം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ അക്കൗണ്ടിലേക്ക് കൈമാറി. പണം ലഭിച്ചതായി ഇന്ത്യന്‍ എംബസി സ്ഥിരീകരിക്കുകയും ചെയ്തു. കേസിനായി ഇതുവരെ ചിലവഴിച്ച തുകയും, പ്രതിഭാഗം വക്കീലിന് നല്‍കാനുള്ള ഫീസും ഉള്‍പ്പടെ ഇനിയും ചിലവുകളുണ്ട്. വരവ്, ചിലവ് ഉള്‍പ്പടെയുള്ള കൃത്യമായ കണക്ക് ഓഡിറ്റിങ് പൂര്‍ത്തിയാക്കിയതിന് ശേഷം പ്രസിദ്ധീകരിക്കുമെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് തുടക്കത്തില്‍ തന്നെ പണം സമാഹരിക്കല്‍ ആരംഭിച്ചെങ്കിലും ഏപ്രില്‍ ആദ്യവാരത്തോടെയാണ് അക്കൗണ്ടിലേക്ക് പണം ഒഴുകി തുടങ്ങിയത്.

ഏപ്രില്‍ 12 ആയപ്പോഴേക്കും അക്കൗണ്ടില്‍ പണം ആവശ്യത്തിലേറെ എത്തി. സൗദി അറേബ്യ ഉള്‍പ്പടെയുള്ള പ്രവാസലോകത്തെ ചെറുതും വലുതുമായ സംഘടനകളും, വ്യകതികളും തുടക്കം കുറിച്ച പണസമാഹരണ കാമ്പയിന്‍ പിന്നീട് ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് കേരളത്തിലെ രാഷ്ട്രീയ, മത, സാമൂഹ്യ, സാംസ്കാരിക നേതാക്കളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരും ബിസിസിനസ്സ് പ്രമുഖരും വിഷയത്തിന്‍റെ ഗൗരവം പറഞ്ഞു പോസ്റ്റും വീഡിയോകളും പുറത്തിറക്കിയിരുന്നു. അതോടെയാണ് പണത്തിന്‍റെ ഒഴുക്കുണ്ടായത്. നിര്‍ണ്ണായക സമയത്ത് ഒരു ജീവന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ചപ്പോള്‍ ഉദാരമായി സഹായിച്ച ഓരോരുത്തരോടുമുള്ള നന്ദി അറിയിക്കുന്നതായി സഹായ സമിതി പറഞ്ഞു.