യുഎഇയില്‍ കനത്തമഴ; നൂറ് കണക്കിന് വാഹനങ്ങള്‍ ഒഴുകിപോയി

ദുബായ്: യു.എ.ഇയില്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്തവിധം അത്യപൂര്‍വ്വമായ കാലാവസ്ഥയാണ് അനുഭവപ്പെട്ടത്. നിര്‍ത്താതെപെയ്ത ശക്തമായ മഴക്കൊപ്പം അതിശക്തമായ കാറ്റും മിന്നലും എത്തിയത് ജനങ്ങളെ കൂടുതല്‍ ഭയപ്പെടുത്തി.

ഒട്ടേറെ പേരാണ് രാജ്യത്തിന്‍റെ പല ഭാഗത്തും കുടുങ്ങിക്കിടന്നത്. ചൊവ്വാഴ്ച മാത്രമായി 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് പെയ്തത്. ഒറ്റദിവസം 254.8 മില്ലിമീറ്റര്‍ മഴയാണ് അല്‍ഐന്‍ മേഖലയില്‍ പെയ്തത്. ഏഴ് എമിറേറ്റുകളിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. രാജ്യത്ത് മഴക്കെടുതിയില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 40 വയസ്സുള്ള സ്വദേശി പൗരനാണ് റാസല്‍ഖൈമയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. നൂറുകണക്കിന് വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയും നിരവധി ഷോപ്പിംഗ് മാളുകളിലും മെട്രോ സ്റ്റേഷനുകളിലും വെള്ളം കയറുകയും ചെയ്തു. കോടികണക്കിന് ദിര്‍ഹത്തിന്‍റെ നാശനഷ്ടമാണ് മഴയില്‍ ഉണ്ടായത്.

ഇന്ന് രാവിലെ മുതല്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അതേസമയം, ദുബായ്, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലെല്ലാം ശക്തമായ വെള്ളക്കെട്ട് തുടരുകയാണ്. റോഡ്, വ്യോമ ഗതാഗതം പൂര്‍ണതോതില്‍ പുനസ്ഥാപിക്കാനായിട്ടില്ല. പലയിടത്തെയും വെള്ളക്കെട്ട് നീക്കം ചെയ്യാനും പൊതുഗതാഗതം സാധാരണ നിലയിലാക്കാനുമുള്ള ശ്രമത്തിലാണ് അധികൃതര്‍. കൂറ്റന്‍ പമ്പുകള്‍ എത്തിച്ചാണ് പലയിടത്തെയും വെള്ളക്കെട്ട് നീക്കംചെയ്യുന്നത്. ജനജീവിതം സാധാരണമാക്കാന്‍ ഇനിയും സമയമെടുത്തേക്കും.

ഉപരിതല മര്‍ദം കുറഞ്ഞ് മോശം കാലാവസ്ഥക്ക് കാരണമായ രണ്ട് തരംഗങ്ങള്‍ ഉണ്ടായതാണ് അത്യപൂര്‍വ്വ കാലാവസ്ഥയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്ട്ട്.