മുംബൈ: ബാരാമതിയിലുണ്ടായ വിമാന അപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ (66) കൊല്ലപ്പെട്ടു. ബാരാമതിയിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം തെന്നിമാറിയായിരുന്നു അപകടം. അജിത് പവാറും, അജിത് പവാറിന്‍റെ സഹായി പിങ്കി മാലി, സുരക്ഷാ ഉദ്യോഗസ്ഥന്‍ വിധിപ് ജാദവ്, ക്യാപ്റ്റന്‍ സുമിത്ത് കപൂര്‍ (പൈലറ്റ് ഇന്‍ കമാന്‍ഡ്), ക്യാപ്റ്റന്‍ സംഭവി പതക് (ഫസ്റ്റ് ഓഫീസര്‍) എന്നിവരാണ് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തെ കുറിച്ചുള്ള വിവരങ്ങള്‍ തേടി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി സംസാരിച്ചു. അപകട കാരണം കണ്ടെത്താന്‍ ഡിജിസിഎ അന്വേഷണം തുടങ്ങി. 2024 ഡിസംബര്‍ 5 മുതല്‍ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി തുടരുന്ന മുതിര്‍ന്ന എന്‍സിപി നേതാവാണ് അജിത് പവാര്‍. എട്ട് തവണ നിയമസഭാംഗമായി. അഞ്ച് തവണ ഉപ മുഖ്യമന്ത്രി, അഞ്ച് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രി, ഒരു തവണ ലോക്സഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര രാഷ്ട്രീയത്തിന്‍റെ ഭാഗധേയം നിര്‍ണയിച്ച രാഷ്ട്രീയ വ്യക്തിത്വമായിരുന്നു അജിത് പവാര്‍. അമ്മാവനായ ശരദ് പവാറിന്‍റെ നിഴലില്‍ നിന്ന് പുറത്ത് വന്ന് കിങ് മേക്കര്‍ സ്ഥാനത്തെത്തിയതിന് പിന്നാലെയാണ് രാജ്യത്തെ നടുക്കിയ വിമാന അപകടത്തില്‍ അജിത് പവാര്‍ കൊല്ലപ്പെടുന്നത്. മുതിര്‍ന്ന എന്‍സിപി നേതാവായ ശരദ് പവാറിന്‍റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്‍റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പൂനൈ ജില്ലയിലെ ബരാമതിയില്‍ 1959 ജൂലൈ 22നാണ് ജനനം. മഹാരാഷ്ട്ര എഡ്യുക്കേഷന്‍ സൊസൈറ്റി ഹൈസ്കൂളില്‍ നിന്ന് നേടിയ എസ്എസ്എല്‍സിയാണ് വിദ്യാഭ്യാസ യോഗ്യത. തുടര്‍പഠനത്തിനായി കോളേജില്‍ പോയെങ്കിലും കോഴ്സ് പൂര്‍ത്തിയാക്കിയില്ല. 1982ല്‍ പുണെയിലെ പഞ്ചസാര ഫാക്ടറിയിലെ സഹകരണ ബോര്‍ഡ് അംഗമായാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത്. 1991ലെ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ബരാമതിയില്‍ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബരാമതിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1991ലെ സുധാകരറാവു നായിക് മന്ത്രിസഭയില്‍ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് മന്ത്രിയായി. 2010ലെ അശോക് ചവാന്‍ മന്ത്രിസഭയില്‍ ആദ്യമായി ഉപ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പൃഥ്വിരാജ് ചവാന്‍, ദേവേന്ദ്ര ഫഡ്നാവീസ്, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിന്‍ഡേ മന്ത്രിസഭകളില്‍ വീണ്ടും ഉപ മുഖ്യമന്ത്രിയായി. അജിത്ത് പവാറിന്‍റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ഉന്നത നേതാക്കള്‍ അനുശോചിച്ചു. ജനങ്ങളുടേ നേതാവായിരുന്നു അജിത് പവാറെന്ന് മോദി എക്സില്‍ കുറിച്ചു. കഠിനാധ്വാനിയായ നേതാവായിരുന്ന അജിത് പവാറിന്‍റെ അപകട മരണവാര്‍ത്ത ഞെട്ടിച്ചെന്നും മോദി കുറിച്ചു. അജിത്ത് പവാറിന്‍റെ വിയോഗം നികത്താന്‍ ആകാത്ത നഷ്ടമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുശോചിച്ചു. അജിത്ത് പവാറിന്‍റെ വിയോഗം ഹൃദയഭേദകമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അനുശോചിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ ക്ഷേമത്തിനായി സ്വയം സമര്‍പ്പിച്ച നേതാവായിരുന്നും അജിത്ത് പവാര്‍. വ്യക്തിപരമായും എന്‍ഡിഎയ്ക്കും വലിയ നഷ്ടമാണ് ഉണ്ടായത്. എന്‍ഡിഎ അജിത് പവാറിന്‍റെ കുടുംബത്തോടൊപ്പം നില്‍ക്കുന്നുവെന്നും അമിത് ഷാ എക്സില്‍ കുറിച്ചു. ഹൃദയഭേദകമായ വാര്‍ത്തയാണെന്നും വിയോഗം അതീവ ദുഖകരമാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ അനുശോചിച്ചു. ജനങ്ങളുമായി ശക്തമായ ബന്ധം സൂക്ഷിച്ച ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച നേതാവാണെന്നും നിതിന്‍ നവീന്‍ അനുശോചിച്ചു. കെസി വേണുഗോപാല്‍ എംപി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയവരും അനുശോചിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ അപ്രതീക്ഷിത മരണത്തില്‍ അനുശോചിച്ച് നിയസഭ. നിയമസഭ സമ്മേളനത്തിനിടെ വിമാന അപകടത്തില്‍ അജിത് പവാര്‍ മരിച്ചെന്ന വാര്‍ത്തക്ക് പിന്നാലെ നിയമസഭ സമ്മേളനം നിര്‍ത്തിവെച്ച് അംഗങ്ങള്‍ മൗനം ആചരിച്ചു. അവിശ്വസനീയ ദുരന്ത വാര്‍ത്തയാണെന്ന് എന്‍സിപി ദേശീയ പ്രവര്‍ത്തക സമിതി അംഗമായ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഞെട്ടിക്കുന്ന വാര്‍ത്തയാണെന്നും സഹോദരനെ നഷ്ടപ്പെട്ട ദുഖമാണ് തനിക്കെന്നും അജിത് പവാറിന്‍റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.
വിമാനാപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ടു