എസ്ഐആര്‍ നീട്ടിവെക്കണം; കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വോട്ടര്‍പ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആര്‍) നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിനും വോട്ടര്‍പ്പട്ടിക പുതുക്കലിനും ഉദ്യോഗസ്ഥരെ ഒരേസമയം വിന്യസിക്കേണ്ടിവരുന്നത് സര്‍ക്കാരിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും ഭരണസ്തംഭനമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്‍റെ ഹര്‍ജി. തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബര്‍ 21നകം പൂര്‍ത്തിയാക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്. തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് 1,76,000 ഉദ്യോഗസ്ഥരെയും 68,000 പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. എസ്ഐആറിനായി 25,668 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നമെന്നും ഹര്‍ജിയില്‍ പറയുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെയും വാദംകേട്ട ജസ്റ്റിസ് വി ജി അരുണ്‍ സുപ്രീംകോടതിയെ സമീപിക്കുന്നതാകും ഉചിതമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.

അതേസമയം കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ അടിയന്തിരമായി നിറുത്തി വയ്ക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് കഴിഞ്ഞദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എസ്ഐആര്‍ നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദം താങ്ങാന്‍ ആകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ലീഗിന്‍റെ ഹര്‍ജി. പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ആത്മഹത്യ ചെയ്ത കാര്യവും മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ആണ് ലീഗിന് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത്. രാജ്യസഭാ അംഗവും അഭിഭാഷകനുമായ ഹാരിസ് ബീരാന്‍ ആണ് കുഞ്ഞാലിക്കുട്ടിയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ തിരക്കിലാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും. ഇതിനിടയില്‍ എസ്ഐആര്‍ നടപ്പാക്കുന്നത് അപ്രായോഗികമാണ്. അതിനാല്‍ എസ്ഐആര്‍ നടപടികള്‍ അടിയന്തിരമായി നിറുത്തി വയ്ക്കണം എന്നാണ് മുസ്ലിം ലീഗിന്‍റെ ആവശ്യം.