ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ താറുമാറായതിനുപിന്നാലെ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. ഇന്നും നാളെയും പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. പ്രധാന ദീര്‍ഘദൂര റൂട്ടുകളിലാണ് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തുക. 30 പ്രത്യേക ട്രെയിനുകള്‍ ഒരുക്കാനാണ് ആലോചന. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്. ഡിസംബര്‍ അഞ്ച് മുതല്‍ 13 വരെ ആയിരിക്കും സര്‍വീസുകള്‍ ഒരുക്കുക. അതേസമയം, രാജ്യത്ത് ഇന്നും ആഭ്യന്തര രാജ്യാന്തര വിമാന സര്‍വീസുകള്‍ മുടങ്ങി. ഇതുസംബന്ധിച്ച് ഇന്‍ഡിഗോ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം സര്‍വീസുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. ആയിരക്കണക്കിന് യാത്രക്കാര്‍ വലയുകയാണ്. വിമാനഡ്യൂട്ടി സമയ നിയന്ത്രണ ചട്ടങ്ങളില്‍ ഇളവ് നല്‍കി വ്യോമയാനമന്ത്രാലയം പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ മുന്നറിയിപ്പിന് പിന്നാലെ പ്രതിസന്ധിയില്‍ വ്യോമയാനമന്ത്രാലയം അന്വേഷണം ആരംഭിച്ചു. നാലംഗ സമിതി ഇന്‍ഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തും. ഈ മാസം 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ വൈകുന്നതും തുടരുകയാണ്. മാറിയ സമയക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ മുന്നൊരുക്കങ്ങളെടുക്കണമെന്ന് ഇന്‍ഡിഗോ നിര്‍ദ്ദേശം നല്‍കി. ംംം.രശമഹ.മലൃീ ലിങ്ക് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ സര്‍വീസ് വിവരങ്ങളുടെ സ്റ്റാറ്റസ് ഉറപ്പിക്കാന്‍ ആണ് യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഇന്‍ഡിഗോ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ