ദില്ലി: ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മണ്‍സൂണ്‍ ഓഫറുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. മാസം 499 രൂപ നല്‍കേണ്ടിയിരുന്ന അടിസ്ഥാന പ്ലാനിന്റെ വിലയില്‍ 100 രൂപ കുറച്ച് 399 ആക്കി. പരിമിത കാലത്തേക്കുള്ള ഓഫറാണ് ഇത് എന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. ഇതോടൊപ്പം പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ആദ്യത്തെ ഒരു മാസം സൗജന്യ സേവനവും ബിഎസ്എന്‍എല്‍ നല്‍കും. 399 രൂപ മാത്രം ഈടാക്കുന്നത് ആദ്യത്തെ മൂന്ന് മാസ കാലയളവിലേക്കാണ്. ഇതിന് ശേഷം പഴയ 499 രൂപയായിരിക്കും വിലയാവുക. 20 എംബിപിഎസ് വേഗത്തില്‍ 3300 ജിബി അതിവേഗ ഡാറ്റയാണ് ഈ പാക്കേജില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നത്. ഈ പരിധി കഴിഞ്ഞാല്‍ വേഗം 4 എംബിപിഎസായി കുറയും. ആദ്യത്തെ ഒരു മാസം സര്‍വീസ് സൗജന്യമാണ് എന്നതാണ് മറ്റൊരു സവിശേഷത.
പുതിയ ഭാരത് ഫൈബര്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ലഭിക്കാനായി 1800-4444 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ഹായ് അയച്ചാല്‍ മതി. അതേസമയം ഫൈബര്‍-ടു-ദി-ഹോം (എഠഠഒ) പ്ലാന്‍ ആരംഭിക്കുന്നത് യഥാക്രമം 249, 299 രൂപകളിലാണ്. എന്നാല്‍ 10 എംബിപിഎസ് വേഗത്തില്‍ പരിമിതമായ 10 ജിബി, 20 ജിബി ഡാറ്റ മാത്രമേ ഈ പാക്കേജുകള്‍ നല്‍കുന്നുള്ളൂ. അതേസമയം ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ പരിധിയില്ലാത്ത ലോക്കല്‍, എസ്റ്റിഡി കോളുകള്‍ ഏത് നെറ്റ്‌വര്‍ക്കിലേക്കും നല്‍കുന്നുമുണ്ട്. ചില മുന്തിയ പ്ലാനുകളില്‍ 300 എംബിപിഎസ് വേഗം വരെ ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കാന്‍ അധികം തുക മുടക്കേണ്ടതില്ല. കോപ്പര്‍ കണക്ഷന്‍ ഇന്‍സ്റ്റാളേഷന് 250 രൂപയും ഭാരത് ഫൈബര്‍ കണക്ഷന് 500 രൂപയുമെ ബിഎസ്എന്‍എല്‍ ഈടാക്കുന്നുള്ളൂ.