ജന്മദേശം നടത്തുന്നത് ധീരമായ പത്രപ്രവര്‍ത്തനമെന്ന് ഉണ്ണിത്താന്‍ എം.പി

കാഞ്ഞങ്ങാട്: കഴിഞ്ഞ 42 വര്‍ഷമായി ജന്മദേശം നടത്തുന്നത് ധീരമായ പത്രപ്രവര്‍ത്തനമാണെന്ന് കെ.രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി പറഞ്ഞു. ജന്മദേശത്തിന്‍റെ ശൈലി ജനങ്ങള്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് പത്രം വിജയകരമായ 42 വര്‍ഷവും പിന്നിടാനുള്ള കാരണമെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. ജന്മദേശം പത്രത്തിന്‍റെ 42-ാം വാര്‍ഷികാഘോഷം കാഞ്ഞങ്ങാട് വ്യാപാരഭവന്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം. സോഷ്യല്‍മീഡിയകളുടെ കാലമാണിത്. എന്നാല്‍ സോഷ്യല്‍മീഡിയാ പ്രവര്‍ത്തനം പലപ്പോഴും അതിരുകള്‍ കടക്കുകയാണ്. വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടന്മാരാവുകയാണ്. ഒരാളെ അപകീര്‍ത്തിപ്പെടുത്തി അക്രമിക്കുന്നതിനെ മാധ്യമസ്വാതന്ത്ര്യമായി കാണാന്‍ കഴിയില്ല. ദിവാനല്ല ദൈവം തന്നെ തെറ്റുചെയ്താലും ഞാന്‍ അത് എഴുതും എന്നുപറഞ്ഞ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടാണിത്. എന്നാല്‍ തെറ്റുചെയ്യാത്ത ദൈവങ്ങളെ തെറ്റുകാരനാക്കരുത്. പലപ്പോഴും ചില സോഷ്യല്‍മീഡിയകള്‍ അതാണ് ചെയ്യുന്നത്. ആ രീതി ശരിയല്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടര്‍ന്ന് പറഞ്ഞു. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ഉറച്ചതീരുമാനമാണ് ജന്മദേശത്തിന്‍റെ വിജയരഹസ്യമെന്ന് ചടങ്ങില്‍ അധ്യക്ഷം വഹിച്ച ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. 42 വര്‍ഷം ഒട്ടേറെ ത്യാഗങ്ങള്‍ സഹിച്ചുകൊണ്ടാണ് ജന്മദേശം വളര്‍ന്നുവന്നത്. പത്രമാധ്യമങ്ങള്‍ പ്രതിസന്ധിയിലൂടെ നീങ്ങുമ്പോഴും ജന്മദേശത്തിന്‍റെ വളര്‍ച്ച അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

നിയുക്ത കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പി.പി.മുഹമ്മദ്റാഫി, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പ്രകാശന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി.തുളസി, ജില്ലാ പഞ്ചായത്തംഗം കെ.സബീഷ്, കാഞ്ഞങ്ങാട് പ്രസ്ഫോറം പ്രസിഡണ്ട് ഫസല്‍ റഹ്മാന്‍, സിനിമാസീരിയല്‍താരം ഉണ്ണിരാജ് ചെറുവത്തൂര്‍, ബാലതാരം ശ്രീപദ് യാന്‍, വൈ എം സി എ പ്രസിഡണ്ട് സാജു തോമസ്, സിജോ എം ജോസ് എന്നിവര്‍ പ്രസംഗിച്ചു. ചീഫ് എഡിറ്റര്‍ മാനുവല്‍ കുറിച്ചിത്താനം സ്വാഗതവും സേതുബങ്കളം നന്ദിയും പറഞ്ഞു. ചടങ്ങില്‍ കാഞ്ഞങ്ങാട്ടെ പ്രമുഖ ബിസിനസുകാരന്‍ ബി.ആര്‍.ഷേണായി, പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ ടി.അബൂബക്കര്‍ഹാജി, പ്രശസ്ത വയലിനിസ്റ്റ് ആദ്യ വിജയന്‍, വാര്‍ത്താവായനയില്‍ അഞ്ചുകൊല്ലം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനി വേദിക, ചലച്ചിത്രതാരങ്ങളായ റിഹാരാജ്, ജിയാരാജ്, നൃത്താധ്യാപകന്‍ റെജി മാര്‍ട്ടിന്‍ ജോണ്‍, പ്രശസ്തഗായിക സാനിമ സതീശന്‍, സിനിമാതാരം ആവണി ആവൂസ്, സ്നേഹസുരേഷ്, ബാലമജീഷ്യന്‍ ഹൃദയ്ദേവ്, ഡോക്യുമെന്‍ററി നിര്‍മ്മാതാവ് ചന്ദ്രന്‍ കാരളി, നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെയും അജാനൂര്‍ ഗ്രാമപഞ്ചായത്തിലെയും ഹരിതകര്‍മ്മസേനാംഗങ്ങള്‍ എന്നിവരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ആദരിച്ചു. ആദ്യവിജയന്‍റെ വയലിന്‍ വിസ്മയവും സാനിമ സതീശന്‍റെ നാടന്‍പാട്ടും, ഹൃദയ്ദേവ് മാജിക്കും, ഗീത അശോകിന്‍റെ സിനിമാഗാനവും കാരളി തത്വമസി മൂവിസിന്‍റെ വിവിധ കലാപരിപാടികളും വാര്‍ഷികാഘോഷ പരിപാടിക്ക് കൊഴുപ്പേകി. എം.പി, എംഎല്‍എ, കാഞ്ഞങ്ങാട്, നീലേശ്വരം മുനിസിപ്പല്‍ ചെയര്‍മാന്മാര്‍, അജാനൂര്‍, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്തംഗം, സിനിമാസീരിയല്‍ താരങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചതോടെ ചടങ്ങ് നാടിന്‍റെ ഒരു പരിഛേദമായി മാറുകയായിരുന്നു.