പത്മ ആശുപത്രിക്കെതിരെ ജനരോഷം ശക്തമാവുന്നു

കാഞ്ഞങ്ങാട് : നോര്‍ത്ത് കോട്ടച്ചേരി പത്മ ക്ലിനിക്കില്‍ പ്രസവത്തിന് പ്രവേശിപ്പിക്കപ്പെട്ട ചേറ്റുകുണ്ടിലെ ഗള്‍ഫുകാരന്‍ സാഗറിന്‍റെ ഭാര്യ ദീപയും (36) നവജാതശിശുവും മരണപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പ്രക്ഷോഭത്തിന് തയ്യാറെടുപ്പ് തുടങ്ങി. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണ്ണയും നടത്തി. ജാതിമത രാഷ്ട്രീയ വ്യത്യാസമില്ലാതെ മുഴുവനാളുകളും ആശുപത്രിക്കെതിരെയുള്ള സമരത്തില്‍ രംഗത്തിറങ്ങി. ദീപ മാസങ്ങളായി പത്മ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപ്പോഴൊന്നും എന്തെങ്കിലും രോഗമുള്ളതായി ഗൈനക്കോളജിസ്റ്റ് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. പ്രസവത്തിന് ശേഷം കുട്ടി മരിച്ചതിനെ തുടര്‍ന്നാണ് പതിനായിരത്തില്‍ ഒരാള്‍ക്ക് പിടിപെടാറുള്ള രോഗം ദീപയെ ബാധിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചത്. ആശുപത്രി അധികൃതരുടെ അശ്രദ്ധയും അനാസ്ഥയും മൂലം ആളുകള്‍ മരണപ്പെട്ടാല്‍ ലക്ഷത്തില്‍ ഒരാള്‍ക്ക് പിടിപെടാറുള്ള ഏതെങ്കിലും ഒരു രോഗത്തിന്‍റെ പേര് പറഞ്ഞ് തടിയൂരുകയാണ് പതിവ്. ഇവിടെ പതിനായിരത്തിന്‍റെ കഥയാണ് ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തിയത്. ഇതിനെതിരെ ശക്തമായി പോരാടാനാണ് നാട്ടുകാരുടെ നീക്കം. സര്‍വ്വകക്ഷി ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് സമരം ശക്തമാക്കാനാണ് നാട്ടുകാര്‍ ആലോചിക്കുന്നത്. ഇന്നലെ നടന്ന സമരത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവരും പങ്കെടുത്തു. സ്ത്രീകളും സമരത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്നു. പള്ളിക്കര ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലാണ് സാഗറിന്‍റെ വീട്. നീലേശ്വരം നാഗച്ചേരിയിലെ ബാലകൃഷ്ണന്‍-രാജീവി ദമ്പതികളുടെ മകളാണ് മരണപ്പെട്ട ദീപ. രണ്ടാമത്തെ പ്രസവവുമായി ബന്ധപ്പെട്ടാണ് ദീപ മരണപ്പെട്ടത്.