നീലേശ്വരം: വിമുക്തഭടനും ഹൃദ്രോഗിയുമായ വൃദ്ധ ദമ്പതികള്‍ 44 വര്‍ഷമായി ഉപയോഗിച്ച് വരുന്ന വഴി ജെ സി ബി ഉപയോഗിച്ച് വലിയ കുഴി ഉണ്ടാക്കി നടക്കുവാന്‍ പോലും പറ്റാത്ത വിധത്തില്‍ പൂര്‍ണ്ണമായും തടസപ്പെടുത്തിയതായി പരാതി.
നീലേശ്വരം നഗരസഭയിലെ 4-ാം വാര്‍ഡിലെ ചീര്‍മ്മക്കാവിനടുത്ത പാലാക്കാട്ടെ വിമുക്തഭടനായ കെ.അമ്പാടികുഞ്ഞിയാണ് ആര്‍ഡിഒയുടെ ഒരു ഉത്തരവ് നിലനില്‍ക്കെ തന്നെ നടവഴി പോലും ഇല്ലാതെ തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ മരുമകള്‍ തടസപ്പെടുത്തിയെന്ന് കാണിച്ച് വീണ്ടും ആര്‍ ഡി ഒയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്. അമ്പാടി കുഞ്ഞും ഭാര്യയും മകളും ഒരു ഭാഗത്തും മകനും മകന്‍റെ ഭാര്യ എതിര്‍പക്ഷത്തുമായി വര്‍ഷങ്ങളായി വസ്തു സംബന്ധമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അമ്പാടികുഞ്ഞിക്ക് പേരോല്‍ വില്ലേജില്‍ പാലക്കാട്ട് ദേശത്ത് സര്‍വ്വേ നമ്പര്‍ 92/10 ല്‍ 41 സെന്‍റ് സ്ഥലമാണ് ഉണ്ടായിരുന്നത്. ഇതില്‍ നിന്നും തന്‍റെ ഓഹരി വേണമെന്ന് പ്രവാസിയായ മകന്‍ ദീപക് നിരന്തരമായി ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ 2007 ല്‍ 20 സെന്‍റ് ഭൂമി ദാനാദാരമായി നല്‍കി. ബാക്കി 21 സെന്‍റ് 2008 ല്‍ മകള്‍ ദീപയ്ക്കും നല്‍കി. അമ്പാടി കുഞ്ഞും മകള്‍ ദീപയും ഇതെ സ്ഥലത്ത് വെവ്വേറെ വീട്ടിലാണ് താമസം. 44 വര്‍ഷമായി ഉപയോഗിച്ച് വരുന്ന റോഡ് ഉള്‍പ്പെടെയാണ് സ്ഥലം. അതിനിടെ റോഡിനെ ചൊല്ലി ദീപക്കുമായി ഉടക്കുകയും തുടര്‍ന്ന് സഹോദരി ദീപ എനിക്ക് റോഡ് എഴുതിതരണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് തന്‍റെ 20 സെന്‍റ് സ്ഥത്തിന്‍റെ പടിഞ്ഞാറെ അതിരില്‍ മൂന്ന് മീറ്റര്‍ വീതിയില്‍ തെക്ക് ഭാഗത്തുള്ള റോഡില്‍ നിന്നും ദീപയുടെ വടക്ക് ഭാഗത്തെ സ്ഥലത്തേക്ക് റോഡ് ഉപയോഗിക്കാനുള്ള അവകാശം നല്‍കികൊണ്ട് 2013 ഫെബ്രുവരി 12 ന് എഴുതിയ ദീപക്കിന്‍റെ എഗ്രിമെന്‍റും നിലവിലുണ്ട്. എന്നാല്‍ അമ്പാടി കുഞ്ഞിക്ക് ഇതിന് സമീപത്തായി പേരോല്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 92/5 ല്‍ ഉള്ള 6.5 സെന്‍റ് സ്ഥലം കൂടി എഴുതി തരണമെന്ന് ആവശ്യപ്പെട്ട് ദീപക് പ്രശ്നങ്ങളുണ്ടാക്കിയത്രെ. അങ്ങനെ ആദ്യം കൊടുത്ത 20 സെന്‍റില്‍ നിന്നും 10 സെന്‍റ് തിരിച്ച് വാങ്ങി 6.5 സെന്‍റ് ദീപക്കിന് കൊടുത്തു. എന്നിട്ടും റോഡ് രേഖ ചെയ്ത് കൊടുക്കുന്നത് അനന്തമായി നീണ്ടു. അതിനിടയ്ക്ക് ഇത് പറഞ്ഞ് 2017 ഒക്ടോബര്‍ 17 ന് ഒരു ലക്ഷം രൂപ സഹോദരിയില്‍ നിന്നും ദീപക് വാങ്ങി. ഇതിനും എഗ്രിമെന്‍റ് ഉണ്ട്. എന്നാല്‍ വീണ്ടും പ്രശ്നം ഉടലെടുത്തപ്പോള്‍ പാലക്കാട്ട് റസിഡന്‍സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ 2023 ജൂലൈ 12 ന് അസോസിയേഷന്‍ പ്രസിഡന്‍റിന്‍റെ വീട്ടല്‍ വെച്ച് മാധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനം ആയില്ല. അന്ന് തന്നെ അസോസിയേഷന്‍ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ ദീപക്കിനെയും ഭാര്യയും വില്ലേജ് ഓഫീസ് ജീവനക്കാരിയുമായ ബിന്ദുവിനെയും എതിര്‍ കക്ഷികളാക്കി നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അന്നാണ് അമ്പാടി കുഞ്ഞിക്ക് ആദ്യമായി സ്ട്രോക് വരുന്നതും. 2023 ജൂലൈ 14 നാണ് പ്രശ്നപരിഹാരത്തിനായി ഇദ്ദേഹം ആദ്യമായി ആര്‍ ഡി ഒ യെ സമീപിക്കുന്നത്. അത് പ്രകാരം 2023 ഒക്ടോബര്‍ 30 ന് പുറപ്പെടുവിച്ച ഡി ഡിസ് 2205/2023 ഉത്തരവ് പ്രകാരം മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 വകുപ്പ് പ്രകാരം പരാതിക്കാരന്‍റെയും ഭാര്യയുടെയും വഴി മരണംവരെ എതിര്‍കക്ഷികള്‍ തടസപ്പെടുത്തരുതെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് നിലവിലുള്ളപ്പോഴാണ് വില്ലേജ് ഓഫീസ് ജീവനക്കാരിയായ മരുമകള്‍ ബിന്ദു 2024 ജൂലൈ 11 ന് രാവിലെ ജെ സി ബി ഉപയോഗിച്ച് കല്ലും മറ്റും ഇട്ട് റോഡ് പൂര്‍ണ്ണമായും തടഞ്ഞതെന്ന് അമ്പാടി കുഞ്ഞി ആര്‍ഡിഒ യ്ക്ക് വീണ്ടും കൊടുത്ത പരാതിയില്‍ പറയുന്നു. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി വഴിയിലെ തടസ്സങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് മരുമകള്‍ വഴങ്ങിയില്ല. ഇത് സംബന്ധിച്ച് ജൂലൈ 12 ന് നീലേശ്വരം എസ് എച്ച് ഒ യ്ക്കും കാഞ്ഞങ്ങാട് ഡിവൈഎസ്പിക്കും പരാതി നല്‍കി. എന്നാല്‍ പോലീസ് ഒന്ന് വിളിപ്പിക്കുക പോലും ചെയ്തില്ലത്രേ.
ഉദ്യേഗസ്ഥതലത്തിലുള്ള മരുമകളുടെ സ്വാധീനമാണ് ഇതിന് കാരണമെന്ന് ഇവര്‍ പറയുന്നു. 16 വര്‍ഷം എയര്‍ഫോഴ്സില്‍ സേവനമനുഷ്ഠിച്ച് 1980 ല്‍ പിരിഞ്ഞുവന്ന അമ്പാടി കുഞ്ഞിക്ക് 79 വയസ്സുണ്ട് ആഴ്ചയില്‍ ഒന്ന് രണ്ട് തവണ ആശുപത്രിയില്‍ പോകേണ്ടതുണ്ട്. ഭാര്യ കെ. ശ്യാമളയും നിത്യരോഗിയാണ്. മഴക്കാലമായാല്‍ ഈ പ്രദേശത്ത് വെള്ളം കെട്ടി നില്‍ക്കും. മരുമകളുടെ ക്രൂരതയില്‍ നടന്ന് പോകുവാന്‍ പോലും വഴിയില്ലാതെ 1971 ല്‍ പണിത വീട്ടില്‍ ബന്ദിതരെപ്പോലെ കഴിയുകയാണ് ഹതഭാഗ്യരായ ഈ വൃദ്ധ ദമ്പതികള്‍. ഉള്ള സ്ഥലം മക്കള്‍ക്ക് കൊടുത്തത് കൊണ്ടല്ലെ തങ്ങള്‍ക്ക് ഈ ഗതി വന്നതെന്നും തങ്ങളുടെ അവസ്ഥ മറ്റൊരാള്‍ക്കും ഉണ്ടാവരുതെന്നും ഇവര്‍ പ്രാര്‍ത്ഥിക്കുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കില്‍ അനന്തര നടപടികള്‍ക്ക് അവരോടൊപ്പം തങ്ങളുമുണ്ടാകുമെന്ന് പാലക്കാട്ട് റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാവാഹികള്‍ ജന്മദേശത്തോട് പറഞ്ഞു.