പാണത്തൂര്‍: എണ്ണപ്പാറ മൊയോലം കോളനിയിലെ രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് നില്‍ക്കുന്ന പാണത്തൂര്‍ ബാപ്പുകയത്തെ ചെമ്പിലില്‍ വീട്ടില്‍ ബിജു പൗലോസിന്‍റെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫാണെന്നും ബിജു ഒളിവിലാണെന്നുമുള്ള പ്രചരണം വ്യാജം. ബിജു ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിട്ടില്ല. ഒളിവിലും പോയില്ല. കര്‍ണ്ണാടകയുടെ പലഭാഗങ്ങളിലും നിര്‍മ്മാണകരാര്‍ ജോലികള്‍ ചെയ്യുന്ന ബിജുവിന് പലപ്പോഴും മൊബൈല്‍ഫോണിന് റെയ്ഞ്ച് കിട്ടാത്ത അവസ്ഥയുണ്ട്. ഇത് മറികടക്കാന്‍ റെയ്ഞ്ചുള്ള മൊബൈല്‍ കമ്പനിയുടെ കണക്ഷനെടുത്തിട്ടുണ്ട്. ഇക്കാര്യം പോലീസിനെയും അറിയിച്ചിട്ടുണ്ടത്രെ. സാധാരണ ഒരു പരാതികിട്ടിയാല്‍ അപ്പോള്‍ തന്നെ മറ്റൊന്നും ചിന്തിക്കാതെ കസ്റ്റഡിയിലെടുത്ത് ഇടിച്ച് കൂമ്പുവാട്ടുന്ന പോലീസിന് ബിജുവിനെ ഇനിയും തൊടാന്‍ കഴിയുന്നില്ല. വര്‍ഷങ്ങളായി വട്ടമിട്ട് പറക്കുന്നതല്ലാതെ പോലീസ് മുറയില്‍ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുന്നില്ല. രേഷ്മയെ പുഴയില്‍ ഒഴുക്കിയതായി ബിജു പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. എന്നിട്ടും അറസ്റ്റ് രേഖപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞില്ല. മോഷണത്തിലും കൊലപാതകത്തിലും തൊണ്ടിമുതല്‍ പ്രധാനഘടകമാണ്. രേഷ്മ മരിച്ചുവെന്ന് ഉറപ്പുവരുത്തണമെങ്കില്‍ മൃതശരീരം ലഭിക്കണം. ശരീരം മുഴുവനായും ലഭിച്ചില്ലെങ്കിലും എല്ലോ മുടിയോ കിട്ടണം. ഇത് പോലീസിന് ഇതേവരെ ലഭിച്ചിട്ടില്ല. ഇതാണ് വര്‍ഷങ്ങളായി ലോക്കല്‍ പോലീസും ഇപ്പോള്‍ ക്രൈംബ്രാഞ്ചും ബിജു പൗലോസിനെ വട്ടമിട്ട് പറക്കാന്‍ കാരണം. ആറുമാസം മുമ്പ് ബേക്കല്‍ ഡിവൈഎസ്പിയായിരുന്ന സി.കെ.സുനില്‍കുമാര്‍ ബിജു പൗലോസിനെയും ഭാര്യ സ്മിതയേയും ചോദ്യം ചെയ്യാന്‍ ബേക്കല്‍ ഡിവൈഎസ്പി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. ബിജുവിനോടൊപ്പം ബേക്കലിലെത്തിയ ഭാര്യ സ്മിതയെ വൈകാതെ വീട്ടിലേക്ക് തിരിച്ചയച്ചു. ഒരു രാത്രിയും ഒരു പകലും ബിജുവിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതീക്ഷ നല്‍കുന്ന യാതൊരു വിവരങ്ങളും കിട്ടിയില്ല. പിറ്റേന്ന് സന്ധ്യയോടെ ബിജുവിനെ വിട്ടയച്ചു. പക്ഷേ ബിജു വീട്ടില്‍ പോകാന്‍ തയ്യാറായില്ല. രാത്രി പോകാന്‍ ബസില്ലെന്നും പോലീസിന്‍റെ വാഹനത്തില്‍ തന്നെ വീട്ടിലെത്തിക്കണമെന്നും ബിജു ആവശ്യപ്പെട്ടു. ഇതോടെ കുഴങ്ങിയ പോലീസ് ബിജുവിനെ അമ്പലത്തറ സ്റ്റേഷനിലെത്തിച്ചു. അവിടെനിന്നും അമ്പലത്തറ സ്റ്റേഷനിലെ വാഹനത്തിലാണ് പിന്നീട് ബാപ്പുകയത്ത് എത്തിച്ചത്. സാധാരണ നിര്‍മ്മാണ തൊഴിലാളിയായിരുന്ന ബിജു പൗലോസ് രേഷ്മാതിരോധാന കേസില്‍ അകപ്പെട്ടതോടെ നിലവില്‍ നിയമവിദഗ്ധനേക്കാള്‍ അറിവും സാമര്‍ത്ഥ്യവുമുള്ള വ്യക്തിയായി മാറിയിട്ടുണ്ട്. ഒട്ടനവധി നിയമവിദഗ്ധരുമായി ബിജു നിയമങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതാണ് ഡിസംബര്‍ 9 ന് കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഇതേവരെ ബിജുവിനെ ചോദ്യം ചെയ്യാന്‍ പോലും മടിക്കുന്നതത്രെ. പുതിയ തെളിവുകളോ തൊണ്ടിമുതലോ കിട്ടാതെ ബിജുവിനെ കസ്റ്റഡിയിലെടുക്കാന്‍ കഴിയില്ല. കഴിഞ്ഞ മൂന്നാഴ്ചയായി ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ക്രൈംബ്രാഞ്ച് സംഘം കള്ളാര്‍, പനത്തടി പഞ്ചായത്തില്‍ റോന്ത് ചുറ്റുന്നുണ്ട്. നൂറോളം പേരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. അപ്പോഴും ഒന്നും കൂസാതെ ബിജു പൗലോസ് കേരളത്തിലും കര്‍ണ്ണാടകയിലുമായി വിഹരിക്കുകയാണ്. ഇതിനിടയില്‍ ബിജുവിന്‍റെ പേരിലുള്ള വീട് കെഎസ്എഫ്ഇ ജപ്തി ചെയ്തു. ഭാര്യ സ്മിതയുടെ പേരിലുള്ള മറ്റൊരു വീട് മാര്‍ച്ച് 11 ന് കേരള ബാങ്ക് ലേലത്തിന് വെച്ചിട്ടുണ്ട്. കെഎസ്എഫ്ഇയില്‍ 18 ലക്ഷവും കേരള ബാങ്കില്‍ 42 ലക്ഷവുമാണ് അടക്കാനുള്ളത്. ബിജു മുമ്പ് ചിട്ടി നടത്തിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും കുറിയില്‍ ചേര്‍ന്ന പലര്‍ക്കും ഇപ്പോഴും പണം നല്‍കാനുണ്ട്.
രേഷ്മയുടെ തിരോധാനം: പ്രതിയെന്ന് സംശയിക്കുന്ന ബിജു ലൈവായി നാട്ടിലുണ്ട്
