മന്ത്രി ഉദ്ഘാടനം ചെയ്ത സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിടം നാശത്തിന്‍റെ വക്കില്‍

കരിന്തളം: ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ സംസ്ഥാന റവന്യൂ - ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രിയായിരിക്കെ ഭരണകാലാവധി തീരുന്നതിനിടയ്ക്ക് അദ്ദേഹം ഉദ്ഘാടനം ചെയ്ത കരിന്തളം വില്ലേജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിടം തിരിഞ്ഞ് നോക്കാനാളില്ലാതെ കാട് കയറി നാശത്തിന്‍റെ വക്കില്‍.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഏറെ തിടുക്കപ്പെട്ട് 2021 ഫെബ്രുവരി 14 ന് ഉദ്ഘാടനം ചെയ്ത കരിന്തളം വില്ലേജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിടമാണ് വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും ആരും തന്നെ തിരിഞ്ഞ് നോക്കാതെ കാട് കയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയത്. ഇത് നാട്ടുകാര്‍ക്ക് ഭീഷണിയായിട്ടുണ്ട്. കാല്‍ നടയാത്രക്കാര്‍ ഭയപ്പാടോടെയാണ് ഇതുവഴി പോകുന്നത്. കരിന്തളം വില്ലേജ് ഓഫീസിന് തൊട്ടാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഉദ്ഘാടനത്തിന് ശേഷം ഒരു ദിവസം പോലും ഇത് തുറന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് അന്ന് ധൃതി പിടിച്ച് കെട്ടിടം ഉദ്ഘാടനം ചെയ്തതെന്ന ആരോപണവുമുണ്ട്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കി പണിത സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് കെട്ടിടം അനാഥമായി നശിപ്പിക്കാതെ സംരക്ഷിച്ച് ഉപയോഗ പ്രദമാക്കണമെന്നാണ് നാട്ടുകാര്‍ക്ക് പറയാനുള്ളത്. ഇതുപോലെ നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങളാണ് വിവിധ പ്രദേശങ്ങളില്‍ അനാഥാവസ്ഥയിലുള്ളത്.