കാസര്‍കോട്: ദേശീയപാതാ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം നിരോധിച്ച ബേവിഞ്ചയില്‍ കളക്ടര്‍ സന്ദര്‍ശനം നടത്തി. ദേശീയപാത അതോറിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അഞ്ചുദിവസത്തിനകം ഗതാഗതം പുനരാരംഭിക്കാന്‍ കഴിയുമെന്ന് കളക്ടര്‍ കെ.ഇമ്പശേഖരന്‍ അറിയിച്ചു. പാര്‍ശ്വസംരക്ഷണ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ നിര്‍മ്മാണ കരാര്‍ കമ്പനികള്‍ക്ക് ഉത്തരവ് നല്‍കി.
പാര്‍ശ്വഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇനി നാല് ദിവസം കൂടി സമയം വേണ്ടിവരുമെന്ന് ദേശീയപാതാ നിര്‍മ്മാണ പ്രതിനിധികള്‍ കളക്ടറെ അറിയിച്ചു. കനത്തമഴയിലാണ് പാര്‍ശ്വഭിത്തി റോഡിലേക്ക് തകര്‍ന്നു വീണത്. അതേസമയം ചെറിയ വാഹനങ്ങള്‍ ഇതുവഴി കടത്തിവിടുന്നുണ്ടെങ്കിലും ദീര്‍ഘദൂര ബസ്സുകളൊക്കെ ചന്ദ്രഗിരി വഴിയാണ് ഗതാഗതം നടത്തുന്നത്. ഇതോടെ ഇതുവഴി യാത്ര ചെയ്യേണ്ട യാത്രക്കാരും പെരുവഴിയിലായി. ഒറ്റ ബസ്സില്‍ നേരിട്ട് എത്തിയിരുന്നവര്‍ക്ക് ഇപ്പോള്‍ രണ്ട് ബസിനെ ആശ്രയിക്കണം. ചട്ടഞ്ചാലില്‍ നിന്ന് ചെര്‍ക്കള വഴി വിദ്യാനഗര്‍ ഭാഗത്തേക്കും ബന്തടുക്ക ഭാഗത്തേക്കും പോകേണ്ടവരാണ് ഇപ്പോള്‍ യാത്രാ ദുരിതം നേരിടുന്നത്. വിദ്യാനഗര്‍ സിവില്‍ സ്റ്റേഷന്‍, കോടതി, ഗവണ്‍മെന്‍റ് കോളേജ് , സ്കൂളുകള്‍, പഞ്ചായത്ത് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് നിത്യവും ഇതുവഴി വന്നിരുന്ന യാത്രക്കാരുടെ യാത്രാ ക്ലേശം രൂക്ഷമായി. ചട്ടഞ്ചാലില്‍ നിന്ന് ദേളി വഴി ചുറ്റി കാസര്‍കോട് എത്തിയാണ് ഇപ്പോള്‍ ഈ ഭാഗങ്ങളിലുളളവര്‍ യാത്ര ചെയ്യുന്നത്. കാസര്‍കോട് നിന്ന് മറ്റൊരു ബസ്സ് കയറി വീണ്ടും യാത്ര ചെയ്ത് വേണം വിദ്യാനഗര്‍ ഭാഗത്തേക്കെത്താന്‍. വൈകുന്നേരങ്ങളില്‍ പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള ബസ്സുകളില്‍ തിരക്കും കൂടി. വിദ്യാനഗറില്‍ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള യാത്രക്കാര്‍ ചന്ദ്രഗിരി പാതയെയാണ് ആശ്രയിക്കുന്നത്. പൊയിനാച്ചി ഭാഗത്തേക്കുള്ളവരുടെ അവസ്ഥയും ഇതുതന്നെ. കഴിഞ്ഞ ജൂണ്‍ 16നാണ് ദേശീയപാത 66ല്‍ തെക്കില്‍ ഭാഗത്ത് മണ്ണിടിഞ്ഞത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെക്കുകയായിരുന്നു.