തള്ളാനും കൊള്ളാനും കഴിയാതെ കോണ്‍ഗ്രസ് നേതൃത്വം; കുമ്പള ബാങ്കില്‍ സിപിഎമ്മുമായി ചേര്‍ന്ന് മത്സരം

കുമ്പള : കഴിഞ്ഞ പ്രാവശ്യം അട്ടിമറിയിലൂടെ ബിജെപി ഭരണം പിടിച്ചെടുത്ത കുമ്പള സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഇത്തവണ ഭരണം തിരിച്ചു പിടിക്കാന്‍ ഇന്ത്യാ മുന്നണി സഖ്യം കുമ്പള 'സേവ സഹകാരി കൂട്ടായ്മ' എന്ന പേരില്‍ മത്സരരംഗത്തിറങ്ങി. പതിനൊന്ന് സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് കേരളത്തില്‍ സിപിഎമ്മുമായി ഒരുമേഖലയിലും കൈകോര്‍ക്കുന്നില്ല. എന്നാല്‍ കുമ്പള സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ ഇന്ത്യാമുന്നണി എന്ന പേരിലാണ് കോണ്‍ഗ്രസ് പ്രതിപക്ഷത്തെ ഏതാനും പാര്‍ട്ടികളുമായി കൈകോര്‍ത്തിരിക്കുന്നത്. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

ഈ മാസം 14 നാണ് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്, മുസ്ലിംലീഗ്, സിപിഎം, സിപിഐ, ദള്‍ തുടങ്ങിയ കക്ഷികളുടെ 11 അംഗ നോമിനികളാണ് ഇന്ത്യാ മുന്നണി എന്ന പേരില്‍ മത്സരിക്കുന്നത്. 1952 ലാണ് കുമ്പളയിലെ ബാബുറായ ഭട്ടിന്‍റെ നേതൃത്വത്തില്‍ സഹകരണ ബാങ്ക് നിലവില്‍ വന്നത്. മമ്മൂഞ്ഞിയായിരുന്നു ആദ്യകാല പ്രസിഡന്‍റ്. പിന്നീട് 1959 മുതല്‍ 2013 വരെ നീണ്ട 54 വര്‍ഷം വിശ്വനാഥ ആള്‍വയായിരുന്നു പ്രസിഡന്‍റ്. പിന്നീടങ്ങോട്ട് ബാങ്കില്‍ രാഷ്ട്രീയ ചേരിതിരിവോടെയായിരുന്നു മത്സരം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ബിജെപിയുമായി ചേര്‍ന്ന് മത്സരിച്ചത് ബിജെപിക്ക് ഭരണം ലഭിക്കുന്ന അവസ്ഥയുണ്ടായി. ഇത് യുഡിഎഫില്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരുന്നു. കുമ്പള സേവ സഹകാരി കൂട്ടായ്മയില്‍ ഇന്ത്യാ മുന്നണിയിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളെ പ്രതിനിധികരിച്ച് ഗണേഷ് ഭണ്ഡാരി എം, രവിചന്ദ്ര കെ, ഗോപാലകൃഷ്ണ ഷെട്ടി, കെ.കൃഷ്ണ, പ്രസാദ് കുമാര്‍, രവിചന്ദ്ര കെ, അംബിക, ധനലക്ഷ്മി, കെ.പത്മനാഭ, അനില്‍കുമാര്‍ എസ്, ശ്വേത, ദാമോദര ഷട്ടി എന്നിവരാണ് മത്സരരംഗത്ത് ഉള്ളത്. ഇവര്‍ ജനറല്‍,വനിത, എസ് സി എസ് ടി വിഭാഗങ്ങളിലായിട്ടാണ് മത്സരിക്കുന്നത്.