പാലക്കുന്ന്: കപ്പലില്‍ നിന്ന് മരണപ്പെട്ട പാലക്കുന്നിനടുത്ത തിരുവക്കോളി അങ്കക്കളരി ഹൗസില്‍ പ്രശാന്തിന്‍റെ(39) മൃതശരീരം ഒരു മാസം പിന്നിട്ടിട്ടും വീട്ടിലെത്തിയില്ല. മൃതദേഹം എന്ന് നാട്ടിലെത്തുമെന്ന കമ്പനിയുടെ അറിയിപ്പ് പ്രതീക്ഷിച്ചിരിക്കുകയാണ് കുടുംബം.
വില്യംസം കമ്പനിയുടെ തൈബേക്ക് എക്സ്പ്ലോറര്‍ എന്ന എല്‍പിജി കപ്പലില്‍ മോട്ടോര്‍മാനായി കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് ജോലിക്ക് കയറിയത്. ജപ്പാനില്‍ നിന്ന് യു എസിലെ തുറമുഖം ലക്ഷ്യമാക്കി യാത്ര തിരിച്ച കപ്പലില്‍ മെയ് 14 ന് രാവിലെ പ്രശാന്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്നാണ് കമ്പനി പ്രതിനിധികള്‍ വീട്ടിലെത്തി ബന്ധുക്കളെ അറിയിച്ചത്. യു എസ്സിലെ ഹവായി അയലന്‍ഡിലെ ഹോണോലുലുവിലെത്തി ശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി ഹോസ്പിറ്റലിലേക്ക് മാറ്റിയെന്നാണ് പിന്നീട് ലഭിച്ച വിവരം. എംബാമിംഗ് നടപടികളുടെ അനുമതിക്കായി കമ്പനി അധികൃതര്‍ വന്ന് അതിനായുള്ള പേപ്പറില്‍ ഭാര്യയുടെ ഒപ്പിട്ടു വാങ്ങിയിരുന്നു. തുടര്‍ന്ന് നാളിതുവരെ ഒരു അറിയിപ്പും വീട്ടില്‍ കിട്ടിയില്ല. കപ്പല്‍ ജീവനക്കാരനായ സഹോദരന്‍ പ്രദീപ് കഴിഞ്ഞ ദിവസം ബന്ധപ്പെട്ടപ്പോള്‍ ഹോസ്പിറ്റല്‍ നടപടികള്‍ പൂര്‍ത്തിയായെന്നും ബുധനാഴ്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി ഇന്ത്യന്‍ കൗണ്‍സലെറ്റ് അധികൃതര്‍ക്ക് കൈമാറുമെന്നും അവര്‍ അറിയിച്ചു. കൗണ്‍സിലേറ്റിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മൃതശരീരം നാട്ടിലെത്തിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. അതെന്നായിരിക്കും എന്ന് പറയാന്‍ അവര്‍ക്കായില്ല. ഒരുമാസമായി പ്രശാന്തിന്‍റെ അടുത്ത ബന്ധുക്കളാരും വീട്ടില്‍ നിന്ന് വെളിയില്‍ ഇറങ്ങാതെ കാത്തിരിപ്പ് തുടരുകയാണ്. ഒരാള്‍ മരണപ്പെട്ടാല്‍ സഞ്ചയന ചടങ്ങുകള്‍ പൂര്‍ത്തിയാകാതെ അടുത്ത ബന്ധുക്കള്‍ ആരും ക്ഷേത്രദര്‍ശനം പോലും നടത്താറില്ല. അസഹനീയമായ ഈ കാത്തിരിപ്പ് ഇനി എത്രനാള്‍ തുടരുമെന്ന ആശങ്കയിലാണ് ഉദുമ പാക്യാരയിലുള്ള പ്രശാന്തിന്‍റെ അമ്മ സരോജിനിയും നീലേശ്വരം തൈക്കടപ്പുറത്ത് ഇപ്പോള്‍ അച്ഛനമ്മമാരോടൊപ്പം കഴിയുന്ന ഭാര്യ ലിജിയും മക്കളായ അന്‍ഷിതയും അഷ്വികയും സഹോദരങ്ങളായ പ്രദീപും, ഖത്തറിലുള്ള പ്രസീതയും. മുന്‍ മര്‍ച്ചന്‍റ് നേവി ജീവനക്കാരന്‍ പരേതനായ ചക്ലി കൃഷ്ണന്‍റെ മകനാണ്.
കെനിയയില്‍ ഉല്ലാസ യാത്രയ്ക്കിടെ ബസുമറിഞ്ഞ് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ആറാം ദിവസം നാട്ടിലെത്തി. പക്ഷേ കപ്പല്‍ ജീവനക്കാര്‍ കപ്പലില്‍ നിന്ന് മരണപ്പെട്ടാല്‍ സാങ്കേതിക കാരണങ്ങള്‍ നിരത്തി മാസത്തിലേറെ കാത്തിരിക്കേണ്ട ഗതികേടിലാണ് ബന്ധുക്കള്‍. ഇത് രണ്ട് തരത്തിലുള്ള നീതിയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ കാരണങ്ങളാല്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറെ പെട്ടെന്ന് തന്നെ നാട്ടിലെത്തിക്കാറുണ്ട്. രാജ്യ സുരക്ഷയുമായി ബന്ധപ്പെടുത്തി കപ്പലോട്ടക്കാര്‍ രണ്ടാം നിര സുരക്ഷാ ഭടന്മാര്‍ ( സെക്കന്‍റ് ലൈന്‍ ഓഫ് ഡിഫെന്‍സ്) എന്നാണ് വെപ്പ്. അവരോടാണ് ഈ അനീതി.
വീട്ടുകാരുടെ അനന്തമായ കാത്തിരിപ്പ് ഇനിയും നീട്ടികൊണ്ട് പോകരുതെന്നും മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ വൈകാതെ കൈ കൊള്ളണമെന്നും മുംബൈ ആസ്ഥാന മായുള്ള കപ്പലോട്ടക്കാരുടെ സംഘടനയായ നുസിയുടെ ഓര്‍ഗനൈസര്‍ കെ. വി. അനില്‍കുമാര്‍, കോട്ടിക്കുളം മര്‍ച്ചന്‍റ്നേവി ക്ലബ് പ്രസിഡന്‍റ് പാലക്കുന്നില്‍ കുട്ടി, ജനറല്‍ സെക്രട്ടറി യു. കെ.ജയപ്രകാശ്, നുസി കാസര്‍കോട് ബ്രാഞ്ച് പ്രതിനിധി പ്രജിത അനൂപ്, കാസര്‍കോട് സിമെന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റ് പി.വി.ജയരാജ്, ജനറല്‍ സെക്രട്ടറി രാജേന്ദ്രന്‍ മുദിയക്കാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.