ദേശീയപാതയിലെ അടിപ്പാത: കാത്തിരിക്കുന്നത് അപകടഭീഷണി

കാസര്‍കോട്: ദേശീയ പാത സര്‍വീസ് റോഡില്‍ നിന്ന് അടിപ്പാത വഴി മറുവശത്തേക്ക് കടക്കുന്നവരെ കാത്തിരിക്കുന്നത് വലിയ അപകടഭീഷണി. സര്‍വീസ് റോഡിലൂടെ ഇരച്ചുപായുന്ന വാഹനങ്ങള്‍ അടിപ്പാതയില്‍ നിന്ന് കയറിവരുന്ന വാഹനങ്ങളെ പലപ്പോഴും ശ്രദ്ധിക്കാതെയാണ് കടന്നുപോകുന്നത്. രാത്രിയാണെങ്കില്‍ അപകടഭീഷണിയുടെ തോത് കൂടും. കഴിഞ്ഞ ദിവസം നാലാംമൈലില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മരിക്കാനിടയായത് അടിപ്പാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കയറുമ്പോഴാണ്. സര്‍വീസ് റോഡിലൂടെ വരുന്ന വാഹനങ്ങളുടെ വേഗത അടിപ്പാതയെത്തുന്നതിന് കുറക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ഉയരുന്ന ആവശ്യം. അടിപ്പാതയില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് കയറുന്നതിന് മുമ്പ് സര്‍വീസ് റോഡിലൂടെ വാഹനങ്ങള്‍ വരുന്നുണ്ടോ എന്നറിയണമെങ്കില്‍ അടിപ്പാതയിലുള്ള വാഹനം അല്‍പ്പമെങ്കിലും മുന്നോട്ടെടുത്താല്‍ മാത്രമേ അറിയാനാവൂ. ഇതാണ് പലപ്പോഴും അപകടത്തിലേക്ക് നയിക്കുന്നത്. തലപ്പാടി ചെങ്കള റീച്ചില്‍ പതിനൊന്നോളം ചെറുതും വലുതുമായ അടിപ്പാതകളുണ്ട്. കാല്‍നടയാത്രക്കാര്‍ മറുവശത്തെത്താനും അടിപ്പാതയാണ് ഉപയോഗിക്കുന്നത്. അടിപ്പാതകളിലൂടെ റോഡ് മുറിച്ചുകടക്കുന്നതും കാല്‍നടയാത്രക്കാര്‍ക്ക് വലിയ കടമ്പയാണ്. ഇവിടങ്ങളില്‍ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിനെ നിയോഗിക്കണമെന്നും ആവശ്യമുണ്ട്. വിദ്യാനഗര്‍, ബി.സി റോഡുകളിലെ പ്രധാന അടിപ്പാതകളില്‍ രാവിലെയും വൈകീട്ടും വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി പേരാണ് അടിപ്പാത വഴി കടന്നുപോകുന്നത്. വിദ്യാനഗറില്‍ ബസ് സ്റ്റോപ്പും അടിപ്പാതയിലേക്ക് കടക്കേണ്ട സീബ്ര ലൈനും ഒരേ സ്ഥലത്തായതിനാല്‍ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.