ദേശീയപാതയില്‍ നീലേശ്വരത്ത് ഗതാഗതക്കുരുക്കില്‍ വലഞ്ഞ് പൊതുജനം

നീലേശ്വരം : ദേശീയ പാതയില്‍ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷന്‍ മുതല്‍ നെടുങ്കണ്ട, തോട്ടം സ്റ്റോപ്പ് വരെ അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങള്‍ പലപ്പോഴും മണിക്കൂറുകളോളം ബ്ലോക്കില്‍പ്പെടുന്ന കാഴ്ചയാണ് കാണുന്നത്. പൊതു ജനങ്ങള്‍ ഇതുമൂലം രാവിലെയും വൈകുന്നേരങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ഗതാഗത കുരുക്കില്‍ വലഞ്ഞ യാത്രക്കാര്‍ക്ക് പലപ്പോഴും ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. എന്നാല്‍ പ്രശ്നം ഇത്രയും രൂക്ഷമായിട്ടും അത് പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികൃതരോ റോഡ് നിര്‍മ്മാണ കമ്പനിയോ ഇതുവരെയും തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടത്ര മിണ്ടാട്ടമില്ലത്രേ. നിലവില്‍ ഒരു സൈഡിലുള്ള സര്‍വീസ് റോഡിലൂടെ മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത് അതാണ് ഗതാഗതക്കുരുക്ക് ഇത്രയും രൂക്ഷമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വണ്‍വെ സംവിധാനം ക്രമീകരിച്ചാല്‍ ഒരു പരിധിവരെ ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നാണ് പറയുന്നത്. അതുകൂടാതെ സര്‍വീസ് റോഡ് പൂര്‍ണമായും തകര്‍ന്നതും ഗതാഗത തടസ്സത്തിന് മുഖ്യകാരണമായിട്ടുണ്ട്. തോട്ടം സ്റ്റോപ്പില്‍ ബസ് യാത്രക്കാരെ പെരുവഴിയില്‍ ഇറക്കുന്നുഎന്ന ആക്ഷേപവുമുണ്ട്. മേല്‍പ്പാലത്തിനു മുകളിലാണ് നിലവില്‍ യാത്രക്കാരെ ഇറക്കുന്നത്. ഇത് ബസ് യാത്രക്കാര്‍ക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. കൂടാതെ തെരുവ് ലൈറ്റുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ രാത്രി യാത്രക്കാര്‍ ഇവിടെ ഇറങ്ങിയാല്‍ തപ്പി തടഞ്ഞുനടക്കേണ്ട ഗതികേടിലാണ്. ഇ ഭാഗത്ത് ഒരു ലൈറ്റ് എങ്കിലും ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ഉണ്ടാകണമെന്നാണ് യാത്രക്കാര്‍ ഒന്നടങ്കം പറയുന്നത്. മാര്‍ക്കറ്റില്‍ കോട്ടപ്പുറം റോഡ് ജംഗ്ഷനില്‍ അപകടം പതിയിരിക്കുന്ന സ്ഥിതിയാണുള്ളത്. ഒരു നിയന്ത്രണവുമില്ലാതെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്നത് ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന അവസ്ഥയാണ്. മാര്‍ക്കറ്റിലെ ബ്ലോക്ക് കാരണം കോട്ടപ്പുറം റോഡിലൂടെയുള്ള വാഹനപ്പെരുപ്പം ക്രമാതീതമായി വര്‍ദ്ധിച്ചു. മാര്‍ക്കറ്റില്‍ കോട്ടപ്പുറം റോഡ് ജംഗ്ഷനില്‍ പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് അടിയന്തരമായി നടപടികള്‍ സ്വീകരിക്കണമെന്ന് മുനിസിപ്പല്‍ മുസ്ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.