ഡിസിസി പ്രസിഡണ്ടിനെതിരെ ജില്ലയില്‍ പടയൊരുക്കം ശക്തം

കാഞ്ഞങ്ങാട്: കാസര്‍കോട് ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസലിനെതിരെ ജില്ലയില്‍ പടയൊരുക്കം. ഫൈസലിന്‍റെ നടപടികളില്‍ മണ്ഡലം, ബ്ലോക്ക് ഡിസിസി ഭാരവാഹികളില്‍ കടുത്ത അതൃപ്തി മറനീക്കി പുറത്തുവരികയാണ്. ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസല്‍ ഡിസിസിയിലെ സഹഭാരവാഹികളുമായും മണ്ഡലം ബ്ലോക്ക് ഭാരവാഹികളുമായും ആലോചിക്കാതെ കാര്യങ്ങള്‍ ചെയ്യുന്നതാണ് ജില്ലയില്‍ വ്യാപകമായ അതൃപ്തി വളരാന്‍ കാരണം. ഈ നില തുടര്‍ന്നാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സീറ്റ് വിഭജനത്തിലും സീറ്റ് നല്‍കുന്നതിലും വ്യാപകമായ അഴിമതി നടക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊതുവെ വിലയിരുത്തല്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കാസര്‍കോട് ഡിസിസി പ്രസിഡണ്ടിനെ തല്‍സ്ഥാനത്തുനിന്നും മാറ്റി പുതിയ പ്രസിഡണ്ടിനെ നിയമിക്കണമെന്ന ആവശ്യം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയില്‍ ശക്തമായിട്ടുണ്ട്. അടുത്ത് കെ.പി.സി.സി തലത്തിലുള്ള പരിപാടി ജില്ലയില്‍ നടക്കാനിരിക്കെ മണ്ഡലം ബ്ലോക്ക് ഡിസിസി ഭാരവാഹികള്‍ അതൃപ്തിയിലായത് കെ.പി.സി.സിക്ക് തലവേദനയായി മാറും. കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താനും പി.കെ.ഫൈസല്‍ ഡിസിസി പ്രസിഡണ്ട് സ്ഥാനത്തുനിന്നും മാറണമെന്ന അഭിപ്രായക്കാരനാണ്. നിലവിലെ സ്ഥിതിയില്‍ പാര്‍ട്ടി മുമ്പോട്ടുപോയാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന അഭിപ്രായം കോണ്‍ഗ്രസിലെ എല്ലാ തലങ്ങളിലും ശക്തമായി. ചെറുവത്തൂര്‍ സ്വദേശിയായ മൂന്ന് രൂപ മെമ്പറെ ഡിസിസി ട്രഷററാക്കാന്‍ കരുക്കള്‍ നീക്കുന്നതായും കോണ്‍ഗ്രസുകാര്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ഡിസിസി യോഗത്തില്‍ എങ്ങനെ പെരുമാറണമെന്നുപോലും പി.കെ.ഫൈസലിന് അറിയില്ലത്രെ. ചൂടുള്ള കട്ടന്‍ചായ ഊതി ഊതി കുടിക്കുന്നതുപോലെയാണ് പി.കെ.ഫൈസല്‍ ഡിസിസി യോഗത്തില്‍ പെരുമാറുന്നതെന്ന് ഒരു ഡിസിസി അംഗം പറഞ്ഞു. യോഗം തുടങ്ങിയാല്‍ ആദ്യം ഫൈസലിന്‍റെ പ്രസംഗം. പിന്നീട് സ്വാഗതപ്രസംഗം, അതുകഴിഞ്ഞ് അധ്യക്ഷ പ്രസംഗം, പിന്നീട് ഇടക്കിടെ ഫൈസല്‍ സംസാരിച്ചുകൊണ്ടിരിക്കും. മറ്റാരെയും സംസാരിക്കാന്‍ അനുവദിക്കില്ല. അതുകൊണ്ട് കണക്ക് അവതരണമില്ല, പിരിവിന്‍റെ കണക്കില്ല, ഡിസിസി ഓഫീസ് കെട്ടിടത്തില്‍ നിന്നുള്ള വാടകയുടെ കണക്കുമില്ല. കോണ്‍ഗ്രസ് ഭാരവാഹികളെയും പോഷകസംഘടനാ ഭാരവാഹികളേയും നിയമിക്കുന്നതിന് നിശ്ചിത ഫീസുണ്ട്. അത് ഗഡുക്കളായും ഒന്നിച്ചും നല്‍കാം. അതിന്‍റെ കണക്കും അവതരിപ്പിക്കാറില്ലെന്നും ആരോടും പറയാറില്ലെന്നും കോണ്‍ഗ്രസുകാര്‍ കുറ്റപ്പെടുത്തുന്നു. ഇന്ന് നടത്താനിരുന്ന ഡി സിസി മാറ്റിവെച്ചു.