കാസര്‍കോട്: 'ഇന്ത്യ' ഒരു മുന്നണിയല്ലെന്നും ഒരുമിച്ചു നില്‍ക്കുന്ന പ്ലാറ്റ്ഫോം മാത്രമാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.
കാസര്‍കോട് പ്രസ് ക്ലബ്ബിന്‍റെ 'ജനസഭ' പരിപാടിയില്‍ ഇന്ന് രാവിലെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ഷന്ശേഷമായിരിക്കും 'ഇന്ത്യ'യുടെ നേതാവിനെ തെരഞ്ഞെടുക്കുക. അതിപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. കോണ്‍ഗ്രസിന്‍റെ കഴിവുകേട് എല്ലായിടത്തും അനുഭവപ്പെടുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോള്‍ 'ഇന്ത്യ' ഉയര്‍ത്തിയ പ്രതിഷേധത്തില്‍ ശക്തമായി അണിനിരന്നവരാണ് സിപിഎമ്മും കേരള മുഖ്യമന്ത്രി പിണറായി വിജയനും. ഇതേ സമയത്താണ് ഇന്ത്യാ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എന്തു കൊണ്ടാണ് കേരള മുഖ്യമന്ത്രിയെ അറസ്റ്റു ചെയ്യാത്തതെന്ന് ചോദിക്കുന്നത്. ഇതിന്‍റെ ലോജിക് എന്താണെന്ന് മനസ്സിലാകുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പൊതു പോരാട്ടം എങ്ങനെയാണ് സാധ്യമാവുക-പ്രകാശ് കാരാട്ട് ചോദിച്ചു. കേരളത്തില്‍ നിന്ന് ജനവിധി തേടുന്ന ഇടത് മുന്നണി സ്ഥാനാര്‍ത്ഥികള്‍ നല്ല രീതിയില്‍ വിജയിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് പറ്റിയ കൈപ്പിഴ ഈ തെരഞ്ഞെടുപ്പില്‍ തിരുത്തപ്പെടുമെന്നാണ് പ്രതീക്ഷ- പ്രകാശ് കാരാട്ട് പറഞ്ഞു.
കേരളത്തില്‍ നൂറു കണക്കിന് സഹകരണ ബാങ്കുകളും സ്ഥാനപങ്ങളുമുണ്ട്. അവയിലൊന്ന് മാത്രമാണ് കരിവന്നൂര്‍ സഹകരണ ബാങ്ക്. അവിടെ ഉണ്ടായ പ്രശ്നത്തിന്‍റെ പേരില്‍ സഹകരണ പ്രസ്ഥാനത്തെയാകെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ല-പ്രധാനമന്ത്രി രാജസ്ഥാനില്‍ നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റായിപ്പോയി-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.