കല്യാശ്ശേരി കള്ളവോട്ട്: അന്വേഷണം തുടങ്ങി; എല്‍ഡിഎഫ് ഏജന്‍റിനേയും ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യും

കാസര്‍കോട്: കല്യാശ്ശേരി കള്ളവോട്ടില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. തിരഞ്ഞെടുപ്പ് ചുമതലയില്‍ ഉണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെയും എല്‍ഡിഎഫ് ഏജന്‍റും പ്രാദേശിക സിപിഐഎം നേതാവുമായ ഗണേശനേയും പോലീസ് ചോദ്യം ചെയ്തേക്കും. ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയാണോ എല്‍ഡിഎഫ് ഏജന്‍റ് പ്രായമായ സ്ത്രീയ്ക്ക് വോട്ട് ചെയ്യാനായി ബാഹ്യ ഇടപെടല്‍ നടത്തിയത് എന്ന കാര്യം പോലീസ് പരിശോധിക്കും. കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ച വിഷയത്തില്‍ ദ്രുതഗതിയിലുള്ള അന്വേഷണത്തിനാണ് പോലീസ് തയ്യാറെടുക്കുന്നത്. പ്രതികളായ ആറ് പേരുടേയും മൊഴി ഇന്ന് തന്നെ രേഖപ്പെടുത്തും.

ദൃക്സാക്ഷികളായവരുടെയും യഥാര്‍ത്ഥ വോട്ടറായ ദേവകിയുടെയും മൊഴിയും പോലീസ് രേഖപ്പെടുത്തും. അതോടൊപ്പം സംഭവത്തില്‍ രാഷ്ട്രീയ ആരോപണവും ശക്തിപ്പെടുകയാണ്. പലസ്ഥലങ്ങളിലും ഏജന്‍റുമാരെ അറിയിക്കാതെയാണ് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് യുഡിഎഫ് ആരോപിക്കുന്നു. ഇടതുപക്ഷ മുന്നണിയുടെ ഏജന്‍റുമാര്‍ മാത്രം വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തുന്നതിന്‍റെ വിവരങ്ങള്‍ കൃത്യമായി അറിയുകയും യുഡിഎഫ് ഏജന്‍റുമാരെ അറിയിക്കാതിരിക്കുകയും ചെയ്യുന്നത് തിരഞ്ഞെടുപ്പ് അട്ടിമറിയുടെ ആദ്യ സൂചനയാണെന്ന് യുഡിഎഫ് നേതാക്കള്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ ഇടത് നേതാക്കള്‍ പ്രതികരണത്തിന് ഇതുവരെയും തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു കല്ല്യാശ്ശേരിയിലെ കള്ളവോട്ടിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നത് പ്രായമായ സ്ത്രീയുടെ വോട്ട് ഗണേശന്‍ രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരെ പുറത്താക്കിക്കൊണ്ട് കളക്ടര്‍ നടപടി സ്വീകരിക്കുകയായിരുന്നു.