പാര്‍ട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ചാലും സുരേഷ്ഗോപി രക്ഷപ്പെടില്ല-മുഖ്യമന്ത്രി

തൃശ്ശൂര്‍: സി.പി.എമ്മിന്‍റെ അക്കൗണ്ട് മരവിപ്പിച്ചാലൊന്നും തൃശൂരില്‍ സുരേഷ് ഗോപിക്ക് രക്ഷ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ നല്‍കുന്ന സംഭാവന കൊണ്ടാണ് തങ്ങള്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും, ജനങ്ങള്‍ നല്‍കുന്ന സംഭാവന തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം തൃശ്ശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം കെട്ടിവെച്ച കാശിന്‍റെ ഉറപ്പില്‍ മാത്രമല്ല. ഞങ്ങളുടെ കൈയില്‍ കുറച്ച് കാശ് എല്ലാ കാലത്തും ഉണ്ടാകാറുണ്ട്, അത് രഹസ്യമല്ല. കേന്ദ്രത്തിന് നല്‍കുന്ന കണക്കിലും വ്യക്തമാക്കുന്ന കാര്യമാണ്. അതില്‍ നിന്ന് ഒരുഭാഗം തിരഞ്ഞെടുപ്പില്‍ ചെലവഴിക്കാറുണ്ട്. തൃശൂരില്‍ ഉറപ്പായും സുരേഷ് ഗോപി തോല്‍ക്കും. ഇ.ഡി.ക്കോ, ബി.ജെ. പി.ക്കോ അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയില്ല'- മുഖ്യമന്ത്രി പറഞ്ഞു.

നോട്ട്നിരോധന കാലത്ത് കേരളത്തിലെ സഹകരണ മേഖലയെ വേട്ടയാടാനുള്ള ശ്രമമായിരുന്നു നടന്നത്. അന്ന് കൃത്യമായി സര്‍ക്കാര്‍ സഹകരണ മേഖലക്കൊപ്പം നിന്നു. സഹകരണ മേഖലകളുടെ വിശ്വാസ്യത നിലനിര്‍ത്തി പോകാണ് സഹകാരികള്‍ ശ്രമിക്കുന്നത്. എന്നാല്‍ എല്ലാത്തിനും നേതൃത്വം നല്കുന്നത് മനുഷ്യരാണ്. ചില ഘട്ടത്തില്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായ സമീപനം അവര്‍ സ്വീകരിക്കുന്നുണ്ടാകും. അതിന്‍റെ ഭാഗമായി ചിലര്‍ വഴിതെറ്റിയ നിലപാട് സ്വീകരിക്കുന്നു. അത്തരക്കാരോട് ഒരു വിട്ടു വീഴ്ചയും ഉണ്ടാറില്ല. കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് 117 കോടിയില്‍പരം രൂപ തിരിച്ച് നല്‍കി. ആവശ്യപ്പെടുന്ന മുറയ്ക്ക് ആളുകള്‍ക്ക് നിക്ഷേപം തിരിച്ചു നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ബാങ്ക്. പറഞ്ഞത് കള്ളമല്ല. കള്ളം പറഞ്ഞ് ഞങ്ങള്‍ക്ക് ശീലമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.