കാഞ്ഞങ്ങാട്: ഇലക്ഷന്‍ ഡ്യൂട്ടിക്കെത്തിയ സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് 10 ദിവസം കഴിഞ്ഞിട്ടും വേതനം നല്‍കിയില്ല. കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ രണ്ടായിരത്തിലേറെ വരുന്ന സ്പെഷ്യല്‍ പോലീസുകാര്‍ക്കാണ് ഇതുവരെയും വേതനം നല്‍കാത്തത്.
വിമുക്തഭടന്‍മാര്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരാണ് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി പോളിംങ് ബൂത്തുകളില്‍ സേവനം അനുഷ്ടിച്ചത്. മുന്‍കാലങ്ങളില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പോകുമ്പോള്‍ തന്നെ സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരുടെ വേതനം കയ്യോടെ നല്‍കുമായിരുന്നു. എന്നാല്‍ ഇത്തവണയാണ് വേതനം നല്‍കാതിരുന്നത്. 2500 രൂപയാണ് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് വേതനമായി പ്രഖ്യാപിച്ചിരുന്നത്. തൊഴില്‍രഹിതരായ യുവാക്കള്‍ ഉള്‍പ്പെടെ അത്രയെങ്കിലും വരുമാനം കിട്ടുമല്ലോ എന്ന പ്രതീക്ഷയോടെയാണ് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി സേവനം അനുഷ്ഠിക്കാന്‍ തയ്യാറായത്. എന്നിട്ടും വേതനം ലഭിക്കാത്തത് ഇവരെ നിരാശയിലാക്കിയിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് ചിലവുകള്‍ക്ക് മാത്രമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലീസിന് 10 കോടി രൂപ നല്‍കിയിരുന്നു. ഇതിന്‍റെ കണക്കുകള്‍ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് വേതനം നല്‍കാന്‍ കഴിയൂ എന്ന നിലപാടാണത്രെ അധികൃതര്‍ക്ക്. പോലീസിന് നല്‍കിയ 10 കോടിയില്‍ നിന്നാകട്ടെ ഇലക്ഷന്‍ ഡ്യൂട്ടിക്കായി ഏറ്റെടുത്ത സ്വകാര്യ വാഹനങ്ങളുടെ വാടക സര്‍ക്കാര്‍ വാഹനങ്ങളുടേതുള്‍പ്പെടെ ഇന്ധനം വീഡിയോഗ്രാഫര്‍മാരുടെ വേതനം തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ചിലവഴിച്ചത്. എന്നാല്‍ പ്രശ്നബാധിത ബൂത്തുകളില്‍പോലും ജീവന്‍പണയപ്പെടുത്തിപണിയെടുത്ത സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്ക് വേതനം നല്‍കാത്തത് കടുത്ത പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ഇവര്‍ക്ക് വേതനം നല്‍കാന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് സമ്മര്‍ദ്ദം ചെലുത്തിയിട്ടും നല്‍കാന്‍ തയ്യാറാവുന്നില്ലത്രെ.