അധികാരത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും- നിര്‍മല സീതാരാമന്‍

ദില്ലി:ഇലക്ട്രല്‍ ബോണ്ട് മാറ്റങ്ങളോടെ തിരികെ കൊണ്ടു വരും എന്ന് സൂചിപ്പിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കള്ളപ്പണം തെരഞ്ഞെടുപ്പ് രംഗത്തേക്ക് വരുന്നത് ചെറുക്കുമെന്നും ഇതിനായി കൂടിയാലോചന നടത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇലക്ട്രല്‍ ബോണ്ട് പ്രതിപക്ഷം പ്രചാരണ വിഷയമാക്കുമ്പോഴാണ് ധനമന്ത്രി സര്‍ക്കാര്‍ നയത്തെ ശക്തമായി ന്യായീകരിക്കുന്നത്. ഇലക്ട്രല്‍ ബോണ്ട് റദ്ദാക്കിയ സുപ്രീംകോടതി വിധി കേന്ദ്ര സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരുന്നു. അഴിമതി രഹിത സര്‍ക്കാരെന്ന നരേന്ദ്ര മോദിയുടെ അവകാശവാദം പൊളിക്കുന്നതായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍.

ജനാധിപത്യത്തിനെതിരാണ് ഈ രഹസ്യ സംഭാവന സംവിധാനം എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. രാഹുല്‍ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും ഇലക്ട്രല്‍ ബോണ്ട് പ്രചാരണായുധമാക്കുന്നതും സര്‍ക്കാരിന് വെല്ലുവിളിയാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ബോണ്ട് കള്ളപ്പണത്തിന് എതിരെയുള്ള നടപടി എന്ന അവകാശവാദം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആവര്‍ത്തിക്കുന്നത്. സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ ധനമന്ത്രി പറഞ്ഞു. എല്ലാവരോടും ചര്‍ച്ച ചെയ്ത് സുതാര്യമായി ചട്ടക്കൂട് ഉണ്ടാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. സുപ്രീം കോടതി എടുത്തു കളഞ്ഞ ഇലക്ട്രല്‍ ബോണ്ട് സംവിധാനം തെരഞ്ഞെടുപ്പ് ഫണ്ടിംഗില്‍ സുതാര്യത ഉറപ്പാക്കാന്‍ സഹായിച്ചിരുന്നു. ഇത് കള്ളപ്പണം വരുന്നത് തടയാന്‍ സഹായിച്ചു. എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ ഇത് പരിഷ്ക്കരിക്കുമെന്നും കള്ളപ്പണം പഴയ രീതിയില്‍ ഈ രംഗത്ത് ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. സ്യൂട്ട് കേസുകളില്‍ പണവും സ്വര്‍ണ്ണവും നല്കിയിരുന്ന കാലത്തേക്ക് തിരിച്ച് പോകാനാവില്ല. എന്നാല്‍ ഇലക്ട്രല്‍ ബോണ്ട് വഴി പണം സ്വീകരിച്ച പാര്‍ട്ടികള്‍ ഇപ്പോള്‍ ഇതിനെ എതിര്‍ക്കുന്നത് അവസരവാദപരമാണെന്നും നിര്‍മ്മല സീതാരാമന്‍ കുറ്റപ്പെടുത്തി.