ലീഗിന്റെ വോട്ട് വേണം, പതാക വേണ്ട; സ്വന്തം കൊടിക്ക് പോലും കോണ്‍ഗ്രസിന് അയിത്തം - പിണറായി

ആലപ്പുഴ: രാഹുല്‍ഗാന്ധിയുടെ റോഡ് ഷോയില്‍ പാര്‍ട്ടി പതാകകള്‍ ഒഴിവാക്കിയതിനെതിരെയും സംഘപരിവാര്‍ ബന്ധം ആരോപിച്ചും കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നു. നല്ല ആശയവ്യക്തതയും നിലപാടില്‍ ദൃഢതയുമാണ് ലോക്‌സഭയിലേക്ക് പോകുന്നവര്‍ക്ക് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാറിന് മുമ്പില്‍ സ്വയം മറന്ന് നില്‍ക്കുന്ന കോണ്‍ഗ്രസിനേയും സ്വന്തം പതാക ഒളിപ്പിച്ചുവെക്കുന്ന ഭീരുത്വവും അല്ല നാടിന്റെ പ്രതിനിധിയായി ലോക്‌സഭയിലേക്ക് പോകുന്നവര്‍ക്ക് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയില്‍ വെച്ച് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് എല്‍.ഡി. എഫിന് അനുകൂല സാഹചര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍ണായക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയെ ഭയക്കുന്നു. സ്വന്തം പതാക ഉയര്‍ത്താതെ വര്‍ഗീയ വാദികളെ ഭയന്ന് പിന്മാറും വിധം കോണ്‍ഗ്രസ് അധ:പതിച്ചിരിക്കുന്നു. ത്രിവര്‍ണപതാക കോണ്‍ഗ്രസ് ഉപേക്ഷിക്കണം എന്ന് സംഘപരിവാര്‍ ഉയര്‍ത്തിയ ആവശ്യമാണ്. അതിന് വഴങ്ങുകയാണോ പുതിയ കോണ്‍ഗ്രസ് എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പതാക ഇന്ത്യയിലെ ജനങ്ങള്‍ അണിനിരക്കുന്ന പാര്‍ട്ടിയുടെ കൊടിയാണ് എന്ന് കോണ്‍ഗ്രസ് പറയാന്‍ തയ്യാറാകും എന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇപ്പോള്‍ സ്വന്തം പതാകയും കോണ്‍ഗ്രസ് ഉപേക്ഷിച്ചിരിക്കുന്നു. ഇവരാണോ സംഘപരിവാറിനെതിരായി സമരം നയിക്കുക?. കഴിഞ്ഞ തവണ വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് ഇത്തവണ ലീഗിന്റെ പതാകയും കോണ്‍ഗ്രസിന്റെ പതാകയും ഒഴിവാക്കി പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ റോഡ് ഷോയില്‍ പങ്കെടുത്തതെന്നാണ് വാര്‍ത്ത. ഇത് ഒരു തരം ഭീരുത്വമല്ലേ? മുസ്ലിം ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല എന്ന നിലപാട് എന്തുകൊണ്ടാണ് എടുക്കുന്നത്. ലീഗ് പതാക ലോകത്തെ കാണിക്കുന്നതില്‍ നിന്ന് ഒളിച്ചോടാന്‍ സ്വന്തം കൊടിക്ക് പോലും അയിത്തം കല്‍പ്പിക്കുന്ന ദുരവസ്ഥയിലേക്ക് കോണ്‍ഗ്രസ് എന്തുകൊണ്ടാണ് താണുപോയത്. രാജ്യസഭ പ്രാധാന്യമര്‍ഹിക്കുന്ന ഘട്ടത്തിലാണ്, കാലയളവ് തീരാന്‍ രണ്ട് വര്‍ഷം ബാക്കിനില്‍ക്കെ രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് രാജ്യസഭാംഗം കേരളത്തില്‍ വന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. അദ്ദേഹവും കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ്. ആലപ്പുഴക്കാര്‍ രാഷ്ട്രീയ പ്രബുദ്ധരാണ്. അതുകൊണ്ട് അദ്ദേഹം അവിടന്ന് കരകയറാന്‍ പോകുന്നില്ല. എന്നാല്‍ അദ്ദേഹം ജയിക്കുകയാണെങ്കില്‍ സംഭവിക്കുന്നത് എന്താണ് എന്നാണ് ഉയരുന്ന ചോദ്യം.

ജയിച്ചാല്‍ രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക് ഒരു ബിജെപി അംഗമാണ് പകരം പോകുക. നിലവിലുള്ള ഒരു രാജ്യസഭാംഗത്വം നഷ്ടപ്പെട്ടു പോകുന്ന സ്ഥിതിയാണുള്ളത്. ബിജെപിയുടെ രാജ്യസഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള കൊട്ടേഷന്‍ കോണ്‍ഗ്രസും കോ ണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറിയും എടുത്തിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.