തിരുവനന്തപുരം: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരുടെ പട്ടിക ബൂത്ത്തലത്തില്‍ ഡി.സി.സികള്‍ ശേഖരിച്ച് മണ്ഡലംതലത്തില്‍ അവ വിശകലനം ചെയ്ത് വോട്ട് രേഖപ്പെടുത്താന്‍ വരാത്തവരുടെ പട്ടിക തയാറാക്കണമെന്നു കെ.പി.സി.സി നേതൃയോഗം നിര്‍ദേശിച്ചു.
യു.ഡി.എഫ് അനുഭാവികളായ വോട്ടര്‍മാര്‍ വോട്ട് ചെയ്യാത്തതു പരിശോധിക്കണമെന്നു നിര്‍ദ്ദേശിച്ച യോഗം, ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ഈ മാസം 24ന് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും കെ.പി.സി.സി ആക്ടിങ് പ്രസിഡന്‍റ് എം.എം. ഹസന്‍ അറിയിച്ചു.
ഈ വിവരങ്ങള്‍ ഭാവിയിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടും. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷമാണ് സ്ഥാനാര്‍ഥികള്‍ പങ്കുവച്ചത്. സംഘടനാപരമായ പ്രശ്നങ്ങള്‍ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതു സംഘടനാപരമായിതന്നെ പരിഹരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞതിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാലതാമസം വരുത്തുകയാണ്.
വടകരയില്‍ ഷാഫി പറമ്പിലിനെതിരേ സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ വലിയ വര്‍ഗീയ പ്രചാരണം നടത്തുന്നതിനെതിരേ യു.ഡി.എഫ്. ഒന്നിച്ചു പ്രചാരണരംഗത്തിറങ്ങും. ഈ മാസം 11ന് അവിടെ യു.ഡി.എഫിന്‍റെ നേതൃത്വത്തില്‍ വിശദീകരണ യോഗം സംഘടിപ്പിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പലേടത്തും താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്നു കെ.പി.സി. സി. നേതൃയോഗത്തില്‍ വിമര്‍ശനം. കെ. മുരളീധരന്‍ (തൃശൂര്‍), എം.കെ. രാഘവന്‍ (കോഴിക്കോട്) എന്നിവരടക്കം ചില സ്ഥാനാര്‍ഥികള്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ വിമര്‍ശനമുന്നയിച്ചു. തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം സംബന്ധിച്ചായിരുന്നു കെ. മുരളീധരനു മുഖ്യമായും ആക്ഷേപമുണ്ടായിരുന്നത്. ചില നേതാക്കള്‍ക്കു പണത്തോട് ആര്‍ത്തിയാണെന്ന് തുറന്നടിച്ച അദ്ദേഹം, തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായെന്നും ചൂണ്ടിക്കാട്ടി. ചില നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചെങ്കിലും യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ മുരളീധരന്‍ അക്കാര്യങ്ങള്‍ നിഷേധിച്ചു.
കോഴിക്കോട്ടും താഴേത്തട്ടില്‍ പ്രവര്‍ത്തനം ശക്തമായിരുന്നില്ലെന്ന് എം.കെ. രാഘവന്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു സംഘടനാ പുനഃസംഘടന നടത്തിയതു തിരിച്ചടിയായി, പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തില്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വലിയ തോതില്‍ സമയം വേണ്ടിവന്നു തുടങ്ങിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇന്നലത്തെ നേതൃയോഗത്തില്‍ സ്ഥാനാര്‍ഥികളുടെ വിമര്‍ശനം ഒഴിവാക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതു പൂര്‍ണമായി വിജയിച്ചില്ല. അതോടെയാണ് വ്യാപകമായിട്ടല്ലെങ്കിലും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നത്.