അഞ്ചുവര്‍ഷത്തിനുള്ളില്‍ ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

കാസര്‍കോട്: അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

കാസര്‍കോട് താളിപ്പടുപ്പ് മൈതാനിയില്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനിയുടെ തെരഞ്ഞെടുപ്പുപ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയില്‍ രാമന്‍ ടെന്‍റില്‍ നിന്നു ക്ഷേത്രത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. രാജ്യം രാമ രാജ്യത്തിലേയ്ക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്-അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തമ്മില്‍ തല്ലുന്ന ഇടതു-വലതു മുന്നണികള്‍ ഡല്‍ഹിയില്‍ കെട്ടിപ്പിടിക്കുന്നു. കമ്മ്യൂണിസ്റ്റുകള്‍ കാലഹരണപ്പെട്ടവരാണ്. ഇടതു-വലതു മുന്നണികളെ കേരളത്തില്‍ പുറത്താക്കി നോ എന്‍ട്രി ബോര്‍ഡ് വയ്ക്കണം. മോദിയുടെ ഗ്യാരണ്ടി നടപ്പിലാക്കുക തന്നെ ചെയ്യും-അദ്ദേഹം പറഞ്ഞു. ബി ജെ പി ജില്ലാ പ്രസിഡണ്ട് രവീശ് തന്ത്രി കുണ്ടാര്‍ ആധ്യക്ഷം വഹിച്ചു. നേതാക്കളായ നവീന്‍കുമാര്‍ കട്ടീല്‍ എം.പി., കെ.രഞ്ജിത്ത്, എം.നാരായണഭട്ട് സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനി തുടങ്ങിയവര്‍ സംസാരിച്ചു.