കണ്ണൂര്‍: ലോകസഭാ തിരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ ബാക്കിയിരിക്കെ കണ്ണൂര്‍ മട്ടന്നൂരില്‍ ഉഗ്രസ്ഫോടക ശേഷിയുള്ള സ്റ്റീല്‍ബോംബുകള്‍ കണ്ടെത്തി. മട്ടന്നൂര്‍ കോളാരിയിലെ സ്വകാര്യ വ്യക്തിയുടെ പാടത്തുനിന്നും രണ്ട് ബക്കറ്റുകളില്‍ സൂക്ഷിച്ചനിലയിലാണ് ഒമ്പത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്.
അജ്ഞാത സന്ദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസാണ് ബക്കറ്റില്‍ സൂക്ഷിച്ചനിലയില്‍ സ്റ്റീല്‍ബോംബുകള്‍ കണ്ടെടുത്തത്. വിവരമറിഞ്ഞ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഇവ നിര്‍വീര്യമാക്കി. പാനൂരിലെ ബോംബ് സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനത്തുടനീളമായി വ്യാപക പരിശോധനകള്‍ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് ബക്കറ്റുകളില്‍ ഉഗ്രസ്ഫോടന ശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്. പാടത്തായി പുല്ലരിയാന്‍ പോയ സ്ത്രീയാണ് ഇവ കണ്ടത്. തുടര്‍ന്ന് ഇവര്‍ പ്രദേശവാസികളെ വിവരമറിയിക്കുകയും പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തുകയുമായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. സംഘപരിവാറിന്‍റെ നേതൃത്വത്തില്‍ നടത്തുന്ന വായനാശാലയുടെ സമീപത്തായാണ് ബോംബുകള്‍ കണ്ടെടുത്തത്. അതിനാല്‍ തന്നെ ഇതിനുപിന്നില്‍ ആര്‍ എസ് എസ് ആണെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെടുന്നു. എന്നാല്‍ ബിജെപി നേതൃത്വം ഇക്കാര്യം നിഷേധിച്ചു.