നീലേശ്വരം : ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ വാഹന അപകടത്തില്‍ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ കെ കെ സജീഷിന്‍റെ വീട് മൃഗസംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി സന്ദര്‍ശിച്ചു. ജില്ലയിലെ വിവിധ പരിപാടികള്‍ക്കു വന്ന മന്ത്രി ഇന്നലെ വൈകുന്നേരമാണ് നീലേശ്വരം പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സജീഷിന്‍റെ ഭാര്യയെയും മക്കളെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചത്. രക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുന്നതിനിടയിലാണ് എസ്പിയുടെ ഡാന്‍സാഫ് അംഗം കൂടിയായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീഷ് സെപ്റ്റംബര്‍ 26 ന് വെളുപ്പിന് വാഹനാപകടത്തില്‍ മരണപ്പെടുന്നത്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തം നീലേശ്വരം : ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടയില്‍ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ കെ.കെ സജീഷിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്താന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടില്‍ പ്രതിഷേധം ശക്തം. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജില്ലയില്‍ ഉണ്ടായിരുന്നു. മരണപ്പെട്ട പാര്‍ട്ടി നേതാക്കളുടെ വീടുകളിലും മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. എന്നിട്ടു പോലും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ദേശീയപാതയുടെ വിളിപ്പാടകലെയുള്ള നീലേശ്വരം പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പോലീസ് സര്‍വീസിനിടയില്‍ മരണപ്പെട്ട സജീഷിന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുവാനോ ആശ്വസിപ്പിക്കാനോ തയ്യാറാകാത്ത പിണറായിയുടെ നിലപാടില്‍ വ്യാപക പ്രതിഷേധം ഉടലെടുത്തിരിക്കുകയാണ്. ഇത് പൊതുജനങ്ങള്‍ക്കിടയിലും പോലീസ് സേനയ്ക്കുള്ളില്‍ തന്നെയും അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.