കണ്ണൂര്‍: കാമുകിക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചശേഷം യുവ കലാകാരന്‍ വാടക വീട്ടിലെ സീലിംങ് ഫാനില്‍ കെട്ടിതൂങ്ങി മരിച്ചു. കണ്ണൂര്‍ മനിശേരി കോള്‍തുരുത്തിയിലെ കുടുക്ക വളപ്പില്‍ സൂരജിന്‍റെ മകന്‍ പി.കെ.അശ്വന്താണ്(25) മരണപ്പെട്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. പുഴാതി പൊടിക്കുണ്ടിലെ വാടക വീട്ടിലാണ് അശ്വന്തും സഹോദരനും താമസിക്കുന്നത്. അമ്മ വിദേശത്താണ്. രണ്ട് ദിവസമായി അശ്വന്ത് ഫോണെടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളും ബന്ധുക്കളും വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് അശ്വന്തിനെ ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടത്. അശ്വന്തിന്‍റെ സഹോദരന്‍ കൊല്ലൂര്‍ മൂകാംബിക ദര്‍ശനത്തിന് പോയതായിരുന്നു. ശനിയാഴ്ച വൈകീട്ട് അശ്വന്ത് തന്‍റെ കാമുകിയെ ഫോണില്‍ വിളിച്ച് ആത്മഹത്യചെയ്യുമെന്ന് പറഞ്ഞിരുന്നുവത്രെ. എന്നാല്‍ അശ്വന്ത് പതിവായി ഇങ്ങനെ പറയുന്നതിനാല്‍ പെണ്‍കുട്ടി ഇതത്ര കാര്യമാക്കിയിരുന്നില്ലത്രെ. വടക്കേമലബാറിലെ മിക്ക ക്ഷേത്രങ്ങളിലും അശ്വന്ത് കോലമണിഞ്ഞിട്ടുണ്ട്. നല്ല മുഖത്തെഴുത്ത് കലാകാരന്‍ കൂടിയാണ്. കണ്ണൂര്‍ ടൗണ്‍ എസ്ഐ എ.അനില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കാമുകിക്ക് വാട്സ് ആപ്പ് സന്ദേശം അയച്ച് തെയ്യംകലാകാരന്‍ തൂങ്ങിമരിച്ചു
