കാഞ്ഞങ്ങാട്: നോര്‍ത്ത് കോട്ടച്ചേരി പത്മ ആശുപത്രിയില്‍ തുടരെ തുടരെ ഉണ്ടാകുന്ന ചികിത്സാപിഴവിനെതിരെ ആശുപത്രിയില്‍ നിന്നും തിക്താനുഭവങ്ങള്‍ നേരിടേണ്ടിവന്ന രോഗികളും അവരുടെ ബന്ധുക്കളും കൂട്ടായ്മ സംഘടിപ്പിക്കാന്‍ ആലോചിക്കുന്നു.
പുതിയ മാനേജ്മെന്‍റും ഗര്‍ഭാശയ രോഗ ചികിത്സാവിദഗ്ധ രേഷ്മയും ചുമതലയേറ്റ ശേഷമാണ് ഇവിടെ ചികിത്സാപിഴവുകളുടെ പരമ്പര തുടങ്ങിയത്. കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളില്‍ ഇവിടെ പ്രസവത്തിനെത്തിയ ഒരു അമ്മയും കുഞ്ഞും മരണപ്പെട്ടു. അതിന് ഏതാനും മാസം മുമ്പ് ഗര്‍ഭാശയത്തിലെ മുഴ നീക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ ചേറ്റുകുണ്ട് സ്വദേശിനിയുടെ മൂത്രസഞ്ചിയുടെ ഒരുഭാഗം മുറിച്ചുമാറ്റി. ഏതാനും മാസം മുമ്പ് കൊളവയല്‍ പത്മയില്‍ ചികിത്സക്കെത്തിയ കാറ്റാടിയിലെ ഒരു സിപിഎം നേതാവിന്‍റെ മകന്‍റെ ഭാര്യയുടെ അവയവം അവരറിയാതെ നീക്കം ചെയ്തു. ആശുപത്രിയുടെ ക്രൂരതയ്ക്കിരയായ യുവതി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ്. ചേറ്റുകുണ്ടിലെ യുവതി ഇപ്പോഴും ചികിത്സയിലാണ്. ലക്ഷക്കണക്കിന് രൂപ ഇതിനകം ചിലവഴിച്ചുകഴിഞ്ഞു. കൊളവയലിലെ യുവതിയും മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ്. ഇങ്ങനെ നിരവധി പരാതികളാണ് ആശുപത്രിക്കെതിരെ ഉയരുന്നത്. ഇത്തരം സാഹചര്യത്തിലാണ് ആശുപത്രിയില്‍ നിന്നും തിക്താനുഭവങ്ങള്‍ അനുഭവപ്പെട്ടവരുടെ കൂട്ടായ്മ സംഘടിപ്പിക്കാന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ നീക്കം തുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ പത്ത് കൊല്ലത്തിനുള്ളില്‍ പത്മ ആശുപത്രിയിലെ ചികിത്സയിലൂടെ ദുരിതം അനുഭവിക്കേണ്ടിവന്നവരുടെ കൂട്ടായ്മയാണ് ലക്ഷ്യമിടുന്നത്. ചികിത്സാപിഴവിലൂടെ മരണം സംഭവിച്ചാല്‍ പോസ്റ്റുമോര്‍ട്ടം നടത്തേണ്ടത് ഡോക്ടര്‍മാരാണ്. ഭിഷഗ്വരന്‍മാരെല്ലാം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്ന സംവിധാനത്തില്‍ അംഗങ്ങളാണ്. ഐഎംഎയില്‍ അംഗമായ ഒരു ഡോക്ടര്‍ മറ്റൊരു ഡോക്ടര്‍ക്കെതിരെ റിപ്പോര്‍ട്ട് എഴുതുകയില്ല എന്ന ധൈര്യമാണ് ചികിത്സാപിഴവ് നിസാരമായി ഡോക്ടര്‍മാര്‍ കാണാന്‍ കാരണമെന്ന് ആരോഗ്യവകുപ്പില്‍പ്പെട്ടവര്‍ തന്നെ പറയുന്നു.