പയ്യന്നൂര്‍: മാതമംഗലം കോയിപ്രയിലെ ടി.വി.ബിജുവിന്‍റെ ഭാര്യ അനിലയെ(33) അന്നൂര്‍ കൊരവയല്‍ റോഡിലെ റിട്ട.മിലിട്ടറി ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ വെച്ച് ആണ്‍ സുഹൃത്ത് മാതമംഗലം കുറ്റൂര്‍ വെള്ളരിയാനം ഇരൂളിലെ കുരിയംപ്ലാക്കല്‍ സുദര്‍ശന പ്രസാദ് എന്ന ഷിജു(34) കഴുത്തില്‍ ഷാള്‍കുരുക്കി കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെ രാവിലെയാണ് അനിലയെ കൊരവയല്‍ റോഡിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുഹൃത്തായ സുദര്‍ശന പ്രസാദ് എന്ന ഷിജുവിനെ വീട്ടുപറമ്പിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തിയിരുന്നു. ഷിജുവിന്‍റെ സുഹൃത്തായ മിലിട്ടറി ഉദ്യോഗസ്ഥന്‍ കുടുംബസമേതം വിനോദയാത്രക്ക് പോയപ്പോള്‍ വീടിന്‍റെ താക്കോല്‍ കൈക്കലാക്കിയ സുദര്‍ശനപ്രസാദ് അനിലയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനുശേഷമാണ് ഇയാള്‍ 22 കിലോമീറ്റര്‍ അകലെയുള്ള വീട്ടുപറമ്പിലെ മരത്തില്‍ കെട്ടിതൂങ്ങിമരിച്ചത്.
പയ്യന്നൂര്‍ സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
കൊല്ലപ്പെട്ട അനില രണ്ടു മക്കളുടെ മാതാവാണ്. മരിച്ച സുദര്‍ശന പ്രസാദിനും ഭാര്യയും രണ്ടുമക്കളുമുണ്ട്. മിലിറ്ററി ഉദ്യോഗസ്ഥനും കുടുംബവും വിനോദയാത്രയ്ക്ക് പോയപ്പോള്‍ വീട്ടില്‍ വളര്‍ത്തുനായകള്‍ ഉള്ളതിനാല്‍ അവയ്ക്ക് തീറ്റ നല്‍കാന്‍ വേണ്ടിയാണ് താക്കോല്‍ സുദര്‍ശനപ്രസാദിനെ ഏല്‍പ്പിച്ചത്. എട്ടാം തീയതി തിരിച്ചെത്തുന്ന തരത്തിലായിരുന്നു വീട്ടുകാര്‍ യാത്ര പോയത്. മാതമംഗലത്തെ വീട്ടില്‍ നിന്നും രാവിലെ 8.30 മണിയോടെ മാതമംഗലത്തെ വ്യാപാര സ്ഥാപനത്തിലേക്ക് ജോലിക്കുപ്പോയ അനില 10 മണിയോടെ പുറത്തേക്ക് പോയതായും പിന്നീട് ആണ്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ പയ്യന്നൂര്‍ കൊരവയലിലെ വീട്ടിലെത്തിയതായും പോലീസ് കണ്ടെത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ കൊലപാതകം നടത്തിയതിന്‍റെ തെളിവുകളും പോലീസ് കണ്ടെത്തി. ഷാള്‍ കഴുത്തില്‍ കുരുക്കി വീടിന്‍റെ അടുക്കള ഭാഗത്ത് വെച്ചാണ് പ്രതികൃത്യം നിറവേറ്റിയത്. ശനിയാഴ്ച മൂന്ന് മണിക്ക് മുമ്പേ യുവതിയുടെ മരണം സംഭവിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. കൃത്യം നടത്തിയ പ്രതി വീട്ടില്‍ നിന്നും മുങ്ങിയ ശേഷം പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കടയില്‍ നിന്നും വൈകുന്നേരം 4 മണിക്ക് കയര്‍ വാങ്ങിയതായി പരിയാരം പോലീസും കണ്ടെത്തിയിട്ടുണ്ട്. ഈ കയറാണ് തൂങ്ങി മരിക്കാന്‍ ഉപയോഗിച്ചത്.
ശനിയാഴ്ച രാവിലെ പതിനൊന്നോടെ കാമുകിയായ അനിലയെ ഈ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നുവെന്നാണ് പോലീസ് നിഗമനം. വീട്ടിലെത്തിയശേഷം അനിലയെ എന്തോ ആവശ്യം പറഞ്ഞ് അടുക്കളയിലേക്ക് പറഞ്ഞയച്ച സുദര്‍ശന പ്രസാദ് പിറകില്‍നിന്നും ഷാളിട്ടുമുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പിടിവലി നടന്നതിന്‍റെ ലക്ഷങ്ങണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. വീഴ്ചയില്‍ മൂക്കില്‍നിന്നും കുമിളകള്‍ വരുന്ന നിലയിലും കണ്‍തടത്തിന് താഴെ ചോരയൊഴുകുന്ന നിലയിലും മലര്‍ന്നുകിടക്കുന്നതായും കണ്ടെത്തിയ മൃതദേഹത്തിന്‍റെ മുഖം ഷാളുകൊണ്ട് മറച്ച നിലയിലായിരുന്നു. അനിലയുടെ മരണം ഉറപ്പാക്കിയശേഷം പ്രതി അന്നൂരിലെ വീട്ടില്‍നിന്നും എത്ര മണിക്കാണ് പുറത്തേക്ക് പോയതെന്നും കൂടെ ആരെങ്കിലുമുണ്ടായിരുന്നോവെന്ന് കണ്ടെത്താന്‍ പ്രദേശത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസ്.
സഹപാഠികളായ അനിലയും സുദര്‍ശനനും നേരത്തെ അടുപ്പത്തിലായിരുന്നു. മാതമംഗലത്തെ ഫര്‍ണീച്ചര്‍ ഷോപ്പില്‍ ജോലിചെയ്യുന്ന അനിലയും തമ്മിലുള്ള പ്രണയമായി വളര്‍ന്നതെന്നും ദാമ്പത്യത്തിലെ തകര്‍ച്ചകള്‍ക്ക് കാരണമായതെന്നുമാണ് പുറത്തുവരുന്ന വിവരം. ഇക്കാരണത്താല്‍ സുദര്‍ശന പ്രസാദിന്‍റെ ഭാര്യ നിഷയും രണ്ടുമക്കളും ഇയാളില്‍നിന്നകന്ന് സമീപകാലത്തായി എറണാകുളത്തെ വീട്ടിലാണ് താമസം. ഭാര്യയും മക്കളും അകന്നുപോയതിനുള്ള മനോവിഷമമായിരിക്കാം ക്രൂരകൃതത്തിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.