പള്ളിക്കര: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭര്‍ത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണ്ണം ഇരട്ടിച്ച് നല്‍കാമെന്ന് പറഞ്ഞ് അബ്ദുല്‍ ഗഫൂറിന്‍റെ വീട്ടില്‍ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തിയിരുന്ന തായി പോലീസ് കണ്ടെത്തി. സ്വര്‍ണ്ണം മുന്നില്‍ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വര്‍ണ്ണം തട്ടിയെടുക്കുന്നതിനാണ് കൊലപാതകം നടത്തിയത്. 596 പവന്‍ സ്വര്‍ണ്ണമാണ് മന്ത്രവാദ സംഘം തട്ടിയത്.
കൊലപാതക സംഘത്തില്‍ എട്ടോളം പ്രതികളുള്ളതായാണ് സൂചന. 2023 ഏപ്രില്‍ 14-ന് പുലര്‍ച്ചെയാണ് പ്രവാസി വ്യവസായിയായ പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപം ബൈത്തുല്‍ റഹ്മയിലെ എം.സി. ഗഫൂര്‍ ഹാജിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന നിഗമനത്തില്‍ അന്നുതന്നെ മൃതദേഹം കബറടക്കുകയും ചെയ്തു. കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതോടെ എല്ലാവര്‍ക്കും ഹാജിയുടെ മരണത്തില്‍ സംശയമുയര്‍ന്നു. അടക്കം ചെയ്ത മൃതദേഹം പിന്നീട് കബറിടത്തില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. ആന്തരികാവയവങ്ങളും മറ്റും ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ബേക്കല്‍ ഡിവൈഎസ്പി സുനില്‍ കുമാറിന്‍റെയും ആര്‍.ഡി.ഒയുടെയും സാന്നിധ്യത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍ എസ്.ആര്‍.സരിതയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. തലക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. മരണം സംഭവിച്ച ദിവസം രാത്രിയില്‍ ഹാജിയുടെ വീട്ടിലുള്ള സിസിടിവി ക്യാമറ ഓഫ് ചെയ്തുവെച്ച നിലയിലായിരുന്നു. വീടിന്‍റെ മൂന്ന് വശത്തെ വാതില്‍ തുറന്ന് കിടന്നിരുന്നു. മാത്രമല്ല, ഭാര്യയെയും മകളെയും ഹാജി അന്ന് പകല്‍ നേരത്ത് മേല്‍പ്പറമ്പിലെ അവരുടെ വീട്ടില്‍ കൊണ്ടുവിടുകയും ചെയ്തിരുന്നു. ഹാജിയുടെ വീട്ടില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചോളം ക്യാമറകളുടെ സ്വിച്ച് ഹാജിയുടെ കിടപ്പുമുറിയിലാണ്. ഏപ്രില്‍ 13 വ്യാഴാഴ്ച പകലാണ് ഹാജി ഭാര്യയെ അവരുടെ വീട്ടില്‍കൊണ്ടുവിട്ടത്. റംസാന്‍ മാസമായതിനാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഭക്ഷണം കഴിക്കാന്‍ മേല്‍പ്പറമ്പിലെ വീട്ടിലെത്താമെന്ന് ഹാജി ഭാര്യയോട് പറഞ്ഞുറപ്പിക്കുകയും ചെയ്തിരുന്നു. സ്വര്‍ണ്ണം ഇരട്ടിപ്പിക്കല്‍ മന്ത്രവാദം നടത്തേണ്ടതുള്ളതുകൊണ്ടാണ് ഭാര്യയെ സ്വന്തം വീട്ടില്‍ കൊണ്ടാക്കിയത്. 14-ന് വെള്ളിയാഴ്ച പുലര്‍കാലത്ത് ഭക്ഷണത്തിന് എത്താതിരുന്നതുമുതല്‍ ഭാര്യ തുടര്‍ച്ചായി ഹാജിയെ ഫോണില്‍ വിളിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല. ഇതേതുടര്‍ന്നാണ് ബന്ധുക്കള്‍ പലരെയും വിളിച്ച് വിവരം പറഞ്ഞു. അവര്‍ വെള്ളിയാഴ്ച രാവിലെ ഹാജിയുടെ വീട്ടിലെത്തിയപ്പോള്‍ ഹാജിയുടെ വീടിന്‍റെ മുന്‍വാതില്‍ അകത്തുനിന്ന് കുറ്റിയിട്ടിരുന്നില്ല. കിടപ്പുമുറിയിലെത്തിയപ്പോള്‍, ഹാജി കട്ടിലിന് താഴെ നിലത്ത് മരിച്ചു കിടക്കുന്നതായാണ് കണ്ടത്. ഹാജി ഹൃദയസ്തംഭനം മൂലം മരണപ്പെട്ടതാകാമെന്ന വിശ്വാസത്തിലാണ് ബന്ധുക്കള്‍ മൃതദേഹം പൂച്ചക്കാട് വലിയ പള്ളി ഖബറിടത്തില്‍ മറവുചെയ്തത്. ഹാജി ബന്ധുക്കള്‍ പലരില്‍ നിന്നും വാങ്ങിയ സ്വര്‍ണ്ണ ഉരുപ്പടികള്‍ എങ്ങും കാണാനില്ലെന്ന് ബോധ്യപ്പെട്ടത് പിന്നീടാണ്. ഭാര്യയോടും സ്വന്തം സഹോദരിമാരോടും മറ്റും ദിവസങ്ങള്‍ക്ക് മുമ്പ് ഹാജി ശേഖരിച്ച മൂന്ന് കോടിയോളം രൂപ വില മതിക്കുന്ന 600 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായത് സംശയം വര്‍ദ്ധിപ്പിച്ചു. ഹാജിക്ക് സാമ്പത്തിക പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇളയ സഹോദരന്‍ ഷെരീഫ് ഹാജി പറഞ്ഞു. വര്‍ഷങ്ങളായി ഗഫൂര്‍ ഹാജിയും ഇബ്രാഹിം ഹാജിയുടെ മക്കളുമടങ്ങുന്നവര്‍ ഷാര്‍ജയില്‍ വ്യാപാരികളാണ്. അഞ്ചോളം ഷോപ്പുകള്‍ ഈ കുടുംബത്തിന് ഷാര്‍ജയിലുണ്ട്. ഒരു മാസത്തിനകം തിരിച്ചുതരാമെന്ന് രക്തബന്ധുക്കളായ സ്ത്രീകള്‍ക്ക് ഉറപ്പുനല്‍കിയാണ് ഹാജി 600 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കടമെന്ന നിലയില്‍ വാങ്ങിയത്. ഉദ്ദേശം മൂന്ന് കോടി രൂപയോളം വിലവരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ ഹാജി നാലു സ്ത്രീകളില്‍ നിന്ന് ആവശ്യപ്പെട്ടപ്പോള്‍, സ്വര്‍ണം എന്തിനാണെന്ന് ഗഫൂര്‍ ഹാജിയിലുള്ള വിശ്വാസം ഒന്നുകൊണ്ടുമാത്രം സ്ത്രീകളാരും അങ്ങോട്ട് ചോദിച്ചിരുന്നില്ല. മൃതദേഹം കബറടക്കിയ ശേഷം വീട്ടിലെത്തിയ ബന്ധുക്കളെല്ലാം ഒത്തുകൂടിയപ്പോഴാണ് 600 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായ നടുക്കുന്ന വിവരം മറ നീക്കി പുറത്തുവന്നത്. ഹാജിക്ക് അക്കൗണ്ടുകളുള്ള രണ്ട് ബാങ്കുകളില്‍ വീട്ടുകാര്‍ അന്വേഷിച്ചുവെങ്കിലും സ്വര്‍ണ്ണാഭരണങ്ങള്‍ ഹാജി ബാങ്കുകളിലൊന്നും പണയപ്പെടുത്തിയിരുന്നില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് ജിന്നുമ്മ എന്ന പേരില്‍ അറിയപ്പെടുന്ന ദുര്‍മന്ത്രവാദിനിയേയും അവരുടെ ഭര്‍ത്താവിനുമെതിരെ സംശയം പ്രകടിപ്പിച്ച് ഗഫൂര്‍ ഹാജിയുടെ മകന്‍ അഹമ്മദ് മുസമ്മില്‍ പോലീസില്‍ പരാതി നല്‍കിയത്. പൂച്ചക്കാട് പ്രദേശത്ത് 80 ശതമാനം വീടുകളിലും താന്‍ സന്ദര്‍ശിക്കാറുണ്ടെന്ന ജിന്നുമ്മയുടെ ശബ്ദരേഖ കൂടി പുറത്തുവന്നതോടെ എല്ലാ കണ്ണുകളും കാതുകളും മുപ്പത്തിമൂന്നുകാരിയായ ജിന്നുമ്മയിലും അവരുടെ കൂട്ടാളികളിലും കേന്ദ്രീകരിച്ചു. 600 പവന്‍ കാണാതായ സംഭവത്തില്‍ ജിന്നുമ്മയുടേയും അവരുടെ കൂട്ടാളി അസ്നഇഫായിയുടെ വീട്ടിലും പോലീസ് പരിശോധന നടത്തി.