കണ്ണൂര്‍: വിവാഹഘോഷയാത്രയില്‍ വാഹനങ്ങളില്‍ അപകടമുണ്ടാക്കുംവിധം സുരക്ഷിതമല്ലാതെ യാത്രചെയ്തതിന് 18 യുവാക്കളെ ചൊക്ളി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആര്‍.എസ്.രഞ്ജു അറസ്റ്റ് ചെയ്തു. വാഹനമോടിച്ച ആറുപേരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി തുടങ്ങി.
വിവാഹത്തില്‍ വരനെ അനുഗമിച്ച വാഹനങ്ങളുടെ വാതിലില്‍ കയറിനിന്നും ഡിക്കിയില്‍ ഇരുന്നും യാത്ര ചെയ്തവരെയാണ് ഒളവിലം മത്തിപ്പറമ്പില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയുടെ സഹായത്തോടെ പോലീസ് പിടിച്ചത്. ജൂലായ് 24-ന് വൈകീട്ടോടെ നടന്ന സംഭവത്തില്‍ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വിവിധ ആഡംബര കാറുകള്‍ ഓടിച്ച കരിയാട് പുളിയനമ്പ്രത്തെ കുഞ്ഞിപ്പറമ്പത്ത് എം.കെ.മുഹമ്മദ് ഷബിന്‍ ഷാന്‍ (19), ആലോള്ളതില്‍ എ. മുഹമ്മദ് സിനാന്‍ (19), മീത്തല്‍ മഞ്ചീക്കര വീട്ടില്‍ മുഹമ്മദ് ഷഫീന്‍ (19), പോക്കറാട്ടില്‍ ലിഹാന്‍ മുനീര്‍ (20), കാര്യാട്ട് മീത്തല്‍ പി.മുഹമ്മദ് റാസി (19), കണിയാങ്കണ്ടിയില്‍ കെ.കെ.മുഹമ്മദ് അര്‍ഷാദ് (19) തുടങ്ങിയവര്‍ക്കെതിരേയാണ് പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ വിട്ടുകിട്ടുന്നതിന് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഓഗസ്റ്റ് 14 വരെ ഹര്‍ജി പരിഗണിക്കില്ലെന്നാണ് മജിസ്ട്രേറ്റ് വ്യക്തമാക്കിയതെന്ന് പോലീസ് അറിയിച്ചു. ഹെല്‍മറ്റ് ധരിക്കാതെ പുറംതിരിഞ്ഞ് യാത്ര ചെയ്യുകയായിരുന്ന സ്കൂട്ടര്‍ യാത്രക്കാരെ പോലീസ് അന്വേഷിച്ചുവരികയാണ്.