ഇടുക്കി: കല്ലാറിലെ ആനസവാരി കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് മരിച്ചത് കിനാനൂര്‍ -കരിന്തളം പഞ്ചായത്തിലെ കാലിച്ചാമരം കുഞ്ഞിപ്പാറ സ്വദേശിയായ ആന പാപ്പാന്‍.
മേലേക്കണ്ടി വീട്ടില്‍ പരേതനായ ശങ്കരന്‍റെ മകന്‍ ബാലകൃഷ്ണനാണ് (62) മരിച്ചത്. അടിമാലി കല്ലാര്‍ കേരളാ ഫാം സ്പൈസസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആന സഫാരിയിലാണ് സംഭവം. സവാരി കഴിഞ്ഞ് വൈകിട്ട് 6 മണിയോടെ ആനയെ തളയ്ക്കുന്നതിനിടെ ആന ഇടയുകയും ചവിട്ടികൊല്ലുകയുമായിരുന്നു. വര്‍ഷങ്ങളായി ആന പാപ്പാനായി ജോലി ചെയ്തുവരികയാണ് ബാലകൃഷ്ണന്‍. ഇദ്ദേഹത്തിന്‍റെ പിതാവും ആനക്കാരനായിരുന്നു. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും അടിമാലിയിലെത്തിയിട്ടുണ്ട്. അടിമാലി താലൂക്കാശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം ഉള്ളത്. ഇന്ന് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. തുടര്‍ന്ന് രാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം കൊണ്ടോടി പൊതു ശ്മാശാനത്തില്‍ സംസ്ക്കരിക്കും. അതിനിടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സഫാരി പാര്‍ക്ക് പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയതിനാല്‍ നടത്തിപ്പുകാര്‍ക്കെതിരെ ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തിട്ടുണ്ട്. ബാലകൃഷ്ണന്‍റെ മാതാവ്: പരേതയായ എളേരി പാറു. ഭാര്യ: എം.പി. യശോദ. മക്കള്‍: ശ്രീജ (ബാനം), റീജ (കുഞ്ഞിപ്പാറ). മരുമക്കള്‍: ഗോപി (ബാനം), ശെല്‍വരാജ് തമിഴ്നാട് (പാണത്തൂര്‍). സഹോദരങ്ങള്‍: പുഷ്പരാജന്‍ (പുല്ലുമല), ചന്ദ്രന്‍ (മൂന്നുറോഡ്).