കേരളത്തില്‍ എന്‍ഡിഎക്കുവേണ്ടി മത്സരിക്കുന്നത് നാലില്‍ ഒന്നും മുന്‍ യുഡിഎഫുകാര്‍- മുഖ്യമന്ത്രി

മലപ്പുറം: ജനങ്ങളെ ബാധിക്കുന്ന മൂര്‍ത്തമായ വിഷയങ്ങളില്‍ ഒരു നിലപാടും പറയാന്‍ ശേഷിയില്ലാത്ത യു ഡി എഫും ശക്തമായ നിലപാടുകള്‍ മുന്നോട്ടു വെക്കുന്ന എല്‍ ഡി എഫും തമ്മിലാണ് കേരളത്തിലെ മത്സരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.യു ഡി എഫിന് കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ നിലപാടില്ല.

വര്‍ഗീയ നീക്കങ്ങള്‍ക്കെതിരെ ശബ്ദം ഉയരുന്നില്ല. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചു പ്രകടനപത്രികയില്‍ പരാമര്‍ശം പോലുമില്ല.സ്വന്തം പാര്‍ട്ടിയുടേയോ ഘടകകക്ഷിയായ മുസ്ലിം ലീഗിന്‍റെയോ പതാക ഉയര്‍ത്തിപ്പിച്ച് നിവര്‍ന്നു നിന്ന് വോട്ടു ചോദിക്കാന്‍ പോലും കഴിവില്ലാത്തവരായി കോണ്‍ഗ്രസ്സും യു ഡി എഫും അധഃപതിച്ചിരിക്കുന്നു. ബിജെപിയെ എതിര്‍ക്കുന്നതില്‍ പ്രത്യയശാസ്ത്രപരമായോ പ്രായോഗികമായോ കോണ്‍ഗ്രസ്സിന് ഒരു താല്പര്യവുമില്ല.കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കിന് ഒരവസാനമില്ലാത്ത സ്ഥിതിയാണ്. കേരളത്തിലും ഈ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാരുടെ മക്കളില്‍ തുടങ്ങി പലരും ഇന്ന് ബിജെപി ഓഫീസിലേക്ക് ടിക്കറ്റെടുത്ത് നില്‍ക്കുകയാണ്. മലപ്പുറം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി യുഡിഎഫ് നോമിനിയായി കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലറായ വ്യക്തിയാണ്.

എറണാകുളത്ത് മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി കോണ്‍ഗ്രസ്സിന്‍റെ സംഭാവനയാണ്. 2004 ല്‍ കാലടി സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയിലും 2011 ല്‍ പിഎസ് സി ചെയര്‍മാന്‍റെ പോസ്റ്റിലും ഇദ്ദേഹത്തെയാണ് കോണ്‍ഗ്രസ്സ് നിയോഗിച്ചിരുന്നത്.പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി മുന്‍ കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയുടെ മകനും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഐടി സെല്‍ തലവനുമായിരുന്നു.

കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ഥി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ്. മാവേലിക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്നയാളാണ്. അതായത് ഇന്ന് കേരളത്തില്‍ എന്‍ഡിഎക്കുവേണ്ടി മത്സരിക്കുന്ന നാലില്‍ ഒന്നും മുന്‍ യുഡിഎഫുകാരാണ്. ഇതേ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇരുന്നുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും വി.ഡി.സതീശനും മോദിക്കെതിരെ മുഖ്യമന്ത്രി സംസാരിക്കാത്തത് എന്താണെന്ന് ചോദിക്കുന്നത്. എന്ത് വിരോധാഭാസമാണിത്? മത്സര ചിത്രത്തില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ബിജെപി കൂടുതല്‍ അപ്രസക്തമാവുകയും എല്‍ ഡി എഫ് ഉജ്വല വിജയം നേടുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.