സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ചിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കൂടുതല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. വയനാടും കണ്ണൂരും നാളെയും ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്ത് കനത്ത നാശം തുടരുകയാണ്. കോസ് വേ വെള്ളത്തില്‍ മുങ്ങിയതോടെ പത്തനംതിട്ട പെരുനാട് 400 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കല്ലാര്‍കുട്ടി പൊരിങ്ങല്‍കുത്ത് ഡാമുകള്‍ തുറന്നു. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ പത്തനംതിട്ട പെരുനാട് അരയാഞ്ഞിലിമണ്‍ കോസ് വേ വെള്ളത്തില്‍ മുങ്ങി. നദിക്ക് കുറുകെ മറുകര എത്താന്‍ 400 ഓളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാതയാണ് മേഖല ഒറ്റപ്പെട്ടു. കല്ലാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കോന്നി അടവി ഇക്കോ ടൂറിസത്തിന്‍റെ ഭാഗമായുള്ള കുട്ടവഞ്ചിസവാരി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കണ്ണൂര്‍ പയ്യന്നൂരില്‍ കനത്ത കാറ്റില്‍ വന്‍ നാശം. മരങ്ങള്‍ കടപുഴകി വീണ് നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. വൈദ്യുതി ലൈനുകളും പൊട്ടിവീണു. കാര്‍ഷികവിളകളും നശിച്ചു. തലശ്ശേരി തലായിയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞുതാണു.മീത്തലെ ചമ്പാട് അങ്കണവാടിയില്‍ വെളളം കയറി. നടാല്‍ ടൗണിലെ ചില കടകളിലും വെള്ളം കയറി.

കോഴിക്കോട് മലയോര മേഖലകളില്‍ പുഴകളില്‍ വെള്ളം ഉയര്‍ന്നു. കുറ്റിയാടി മേഖലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് തൊട്ടില്‍പാലം പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ചെറിയകുംബളം കട്ടംകോട് റോഡില്‍ മരം കടപുഴകി വീണു. പയ്യോളി ദേശീയ പാതയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പയ്യോളി ബസ്റ്റാന്‍റിലും വെള്ളം കയറി. ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴയിലും ജലനിരപ്പുയര്‍ന്നത്. കുറ്റിയാടി ചുരത്തില്‍ രണ്ടിടത്ത് നേരിയ തോതില്‍ മണ്ണിടിച്ചിലുമുണ്ടായി.